ആരാധനയില്‍ വീഞ്ഞ് നിര്‍ബന്ധമല്ലെന്ന പ്രസ്താവനക്കെതിരെ കത്തോലിക്കാ സഭ അല്‍മായ സംഘടന രംഗത്ത്

Posted on: August 28, 2014 12:39 am | Last updated: August 28, 2014 at 12:39 am

ആലപ്പുഴ: ആരാധനയില്‍ വീഞ്ഞ് നിര്‍ബന്ധമല്ലെന്ന മാര്‍ത്തോമ സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്താ മാര്‍ ക്രിസോസ്റ്റത്തിന്റെ പ്രസ്താവനക്കെതിരെ കത്തോലിക്കാ സഭ അല്‍മായ സംഘടന രംഗത്ത്. ആരാധനകള്‍ക്ക് വീഞ്ഞിന് പകരം വെള്ളമായാലും ശുശ്രൂഷക്കു ഭംഗം വരുന്നില്ലെന്ന് മാര്‍ ക്രിസോസ്റ്റം പറഞ്ഞതിനെതിരെയാണ് അല്‍മായ സംഘടന രംഗത്തെത്തിയിട്ടുള്ളത്. മാര്‍ ക്രിസോസ്റ്റത്തിന്റെ വാക്കുകള്‍ക്ക് ക്രൈസ്തവര്‍ വില കല്‍പ്പിക്കുന്നില്ലെന്നും സഭക്ക് വിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ വിശ്വാസികള്‍ തള്ളിക്കളയണമെന്നും കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധം നടപ്പാക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സഭകള്‍ വീഞ്ഞ് ഉപയോഗിക്കുന്നത് തടയണമെന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് മാര്‍തോമാ സഭ വലിയ മെത്രാപ്പോലീത്ത തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ മാര്‍ ക്രിസോസ്റ്റത്തിന് നൂറ് വയസ്സിനടുത്തു പ്രായമായെന്നും സഭാ മേലധ്യക്ഷ സ്ഥാനത്ത് നിന്ന് റിട്ടയര്‍ ചെയ്തയാളെന്ന നിലയില്‍ സഭയുടെ ഭരണപരമായ കാര്യങ്ങളിലൊന്നും അദ്ദേഹത്തിന് ഇടപെടാനാകില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍ക്ക് ആ നിലക്കുള്ള വിലയേ കല്‍പ്പിക്കാനാകൂ എന്നുമാണ് അല്‍മായ സംഘടനയുടെ നിലപാട്. മാര്‍ ക്രിസോസ്റ്റം ഉള്‍ക്കൊള്ളുന്ന ക്രൈസ്തവ സഭയിലെ വിശ്വാസികള്‍ പോലും എണ്ണത്തില്‍ വളരെ ചുരുക്കമാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ. പി പി ജോസഫ്, സംസ്ഥാന സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോടിക്കല്‍ പങ്കെടുത്തു.