മാള്‍ ഓഫ് ദി എമിറേറ്റ്‌സ് വികസിപ്പിക്കുന്നു

Posted on: August 27, 2014 10:33 pm | Last updated: August 27, 2014 at 10:33 pm

ദുബൈ: നഗരത്തിലെ പ്രധാന ഷോപ്പിംഗ് സെന്ററുകളില്‍ ഒന്നായ മാള്‍ ഓഫ് ദി എമിറേറ്റ്‌സ് വികസിപ്പിക്കുന്നു. രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വികസനം യാഥാര്‍ഥ്യമാക്കുകയെന്ന് ഉടമകളായ മാജിദ് അല്‍ ഫുത്തൈം അറിയിച്ചു. ഇവല്യൂഷന്‍ 2015 എന്ന പേരില്‍ ഇതിനായി മാജിദ് ഗ്രൂപ്പ് പ്രത്യേക പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. 25,000 ചതുരശ്ര മീറ്റര്‍ സ്ഥലം കൂടി വാടകക്ക് നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുട്ടല്‍. പുതിയ വോക്‌സ് സിനിമ, റീട്ടെയില്‍ ആങ്കര്‍ സ്‌റ്റോഴ്‌സ്, ന്യൂ ലൈഫ് സ്റ്റൈല്‍ സ്റ്റോര്‍സ്, 12 പുതിയ റെസ്റ്റോറന്റുകള്‍, നിലവിലെ ലക്ഷ്വറി ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ഷോപ്പിംഗ് ബ്രാന്റുകളുടെ വികസിപ്പിക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത വര്‍ഷം മധ്യത്തോടെ ഇവല്യൂഷന്‍ 2015 പൂര്‍ത്തീകരിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. 1,300 വാഹനങ്ങള്‍ക്ക് പുതുതായി പാര്‍ക്കിംഗ് സൗകര്യവും വികസനം പൂര്‍ത്തിയായാല്‍ ലഭ്യമാവും. സന്ദര്‍ശകരായി എത്തുന്നവരുടെയും വ്യാപാരികളുടെയും താല്‍പര്യം മാനിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് മാജിദ് അല്‍ ഫുത്തൈം പ്രോപര്‍ട്ടീസ് എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടര്‍ ഡിമിട്രി വസലാക്വിസ് വെളിപ്പെടുത്തി. വികസനം പൂര്‍ത്തിയാവുന്നതോടെ പുതിയ ബ്രാന്റുകള്‍ മാള്‍ ഓഫ് ദി എമിറേറ്റിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ മാള്‍ ഓഫ് എമിറേറ്റ്‌സില്‍ ആകും എന്നതിന്റെ തുടര്‍ച്ചയായി വന്ന മാള്‍ വികസന അറിയിപ്പ് കൂടുതല്‍ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്.