ക്രൂയിസ് കണ്‍ട്രോള്‍ തകര്‍ന്ന് നിയന്ത്രണം വിട്ട ഫോര്‍വീലറിനെ പോലീസ് രക്ഷിച്ചു

Posted on: August 27, 2014 9:40 pm | Last updated: August 27, 2014 at 9:40 pm
SHARE

DRIVING

റാസല്‍ ഖൈമ: ക്രൂയിസ് കണ്‍ട്രോളിലൂടെ 120 കിലോമീറ്റര്‍ വേഗതയില്‍ ഓടിയ വാഹനം നിയന്ത്രണം വിട്ട് അപകട ഭീതി പരത്തി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. നിയന്ത്രണം വിട്ടോടിയ വാഹനത്തെ റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ പോലീസ് സംഘം വിദഗ്ധമായി തടഞ്ഞു നിര്‍ത്തി. 22 കാരിയായ സ്വദേശി യുവതിയാണ് വാഹനത്തിലുണ്ടായിരുന്നത്. അതിവേഗത്തില്‍ ഓടിയ ഫോര്‍ വീലറിന്റെ മുന്നിലും പിന്നിലുമായി പോലീസ് വാഹനം ഇടിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. യുവതി ഓടിച്ച വാഹനത്തിന് ചില്ലറ കേടുപാടുകള്‍ സംഭവിച്ചെങ്കിലും കാര്യമായ അപകടമുണ്ടായില്ല. യുവതിയെ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കി.
ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗാനിം അഹമ്മദ് ഗാനിം പറഞ്ഞു. അടുത്തകാലത്തായി ഇത് മൂന്നാമത്തെ അപകടമാണ്. പല വാഹനങ്ങളിലും ക്രൂയിസ് കണ്‍ട്രോള്‍ മികച്ച രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. വാഹനം ഇടക്കിടെ പരിശോധനക്ക് വിധേയമാക്കണം.
മാത്രമല്ല, എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടി മാത്രമേ വാഹനം ഓടിക്കാന്‍ പാടുള്ളു. നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് അണിഞ്ഞിരിക്കണം. അപകട സൈറണ്‍ കാര്യക്ഷമമാണോയെന്ന് പരിശോധിക്കണമെന്നും അഹമ്മദ് ഗാനിം അഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here