ഓടവയല്‍ വാട്ടര്‍ഷെഡ് മണ്ണുജല സംരക്ഷണ പദ്ധതി

Posted on: August 27, 2014 12:22 pm | Last updated: August 27, 2014 at 12:22 pm

soilഅമ്പലവയല്‍:നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ ആര്‍.ഐ.ഡി.എഫ്. 19 ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഓടവയല്‍ നീര്‍ത്തട മണ്ണുജല സംരക്ഷണ പദ്ധതി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.യു. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.എസ്. വിജയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു. ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എസ്. സജികുമാര്‍, മേരി തോമസ്, സീത വിജയന്‍, ബീന വിജയന്‍, യശോദ ബാലകൃഷ്ണന്‍, എന്‍.സി. കൃഷ്ണകുമാര്‍, റീന ഗോപാലകൃഷ്ണന്‍, എന്‍.പി. വര്‍ഗ്ഗീസ്, പുഷ്പ ശശി, സുബൈദ ഗഫൂര്‍, കെ. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
ഗുണഭോക്താക്കളുടെ യോഗത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന 9 മുതല്‍ 11 അംഗങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വാര്‍ട്ടര്‍ഷെഡ് കമ്മിറ്റി മുഖേനയാണ് പദ്ധതി പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതും, അവ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ച് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കേണ്ടതും, അനുവദിക്കുന്ന സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കേണ്ടതും വാട്ടര്‍ഷെഡ് കമ്മിറ്റിയുടെ ചുമതലയാണ്.
ജില്ലാ മണ്ണു സംരക്ഷണ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മീനങ്ങാടി മണ്ണു സംരക്ഷണ ഓഫീസറാണ് പദ്ധതി നിര്‍വ്വഹണ ഉദേ്യാഗസ്ഥന്‍. മണ്ണു പര്യവേഷണ-സംരക്ഷണ വകുപ്പിന്‍ കീഴിലുള്ള ജില്ലയിലെ ജീവനക്കാര്‍ പദ്ധതി നടത്തിപ്പിനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നു. കമ്മിറ്റി അംഗങ്ങള്‍ക്കും തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കും ആവശ്യമായ പരിശീലന പരിപാടിയും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു. പദ്ധതി പ്രവര്‍ത്തികള്‍ ആഗസ്റ്റ് മാസം തന്നെ ആരംഭിക്കാന്‍ കഴിയും.