ബാങ്കയിലെ പരാജയത്തെച്ചൊല്ലി ജനതാദളും ജനതാദള്‍ സെക്യുലറും വാക്‌പോരില്‍

Posted on: August 27, 2014 1:00 am | Last updated: August 27, 2014 at 1:14 am

പാറ്റ്‌ന: ബീഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ വിശാല മതേതര സഖ്യത്തിലൂടെ ഗംഭീര വിജയം നേടാനായെങ്കിലും രാഷ്ട്രീയ ജനതാദളിനും ജനതാദള്‍ സെക്യുലറിനും ബാങ്കയിലെ പരാജയം വേദനാജകമാണ്. തിരഞ്ഞെടുപ്പ് നടന്ന പത്ത് മണ്ഡലങ്ങളില്‍ ആറും നേടിയ സഖ്യം ആഘോഷത്തിമര്‍പ്പിലാണെങ്കിലും ബാങ്ക മണ്ഡലത്തിലെ ആര്‍ ജെ ഡി സ്ഥാനാര്‍ഥിയുടെ നേരിയ പരാജയം പരസ്പരം പഴി ചാരുന്നതിന് വഴിവെച്ചിരിക്കുകയാണ്.
ഇവിടെ ആര്‍ ജെ ഡി സ്ഥാനാര്‍ഥി ഇഖ്ബാല്‍ ഹുസൈന്‍ അന്‍സാരി 711 വോട്ടുകള്‍ക്കാണ് ബി ജെ പിയിലെ റാം നാരായണ്‍ മണ്ഡലിനോട് തോറ്റത്. ജെ ഡി യു നേതാവും മന്ത്രിയുമായ ജാവീദ് ഇഖ്ബാലിന്റെ കളികളാണ് തന്നെ തോല്‍പ്പിച്ചതെന്ന് ഇഖ്ബാല്‍ ഹുസൈന്‍ അന്‍സാരി ആരോപിച്ചു. പുറത്ത് പ്രചാരണത്തിലൊക്കെ സജീവമായിരുന്ന മന്ത്രി രഹസ്യമായി തനിക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് അന്‍സാരിയുടെ വാദം.
എന്നാല്‍ ജിതന്‍ റാം മഞ്ചിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന ജാവീദ് ഇഖ്ബാല്‍ ഹുസൈന്‍ ഈ ആരോപണം തള്ളിക്കളയുന്നു. സ്ഥാനാര്‍ഥി അന്‍സാരി പരമ്പരാഗതമായി തന്നോട് ശത്രുത പുലര്‍ത്തുന്ന ആളാണെന്നും അതുകൊണ്ടാണ് പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. സഖ്യ ശക്തികളുടെ പിന്തുണയില്ലാതെ അന്‍സാരിക്ക്് 47,940 വോട്ട് നേടാനാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു. തെറ്റായ സ്ഥാനാര്‍ഥി നിര്‍ണയമാണ് തോല്‍വിയുടെ അടിസ്ഥാന കാരണം. അന്‍സാരിയല്ലാത്ത ഒരാളാണ് അവിടെ മത്സരിച്ചതെങ്കില്‍ കുഴപ്പമില്ലാത്ത ഭൂരിപക്ഷത്തില്‍ ബാങ്ക പിടിക്കാമായിരുന്നുവെന്നും ജാവീദ് ഇഖ്ബാല്‍ പറയുന്നു.
ജാവേദ് ഇഖ്ബാല്‍ 2010ല്‍ ബാങ്കയിലെ സിറ്റിംഗ് എം എല്‍ എയായിരുന്നു. ആര്‍ ജെ ഡി വിട്ട് അദ്ദേഹം ജെ ഡി യുവില്‍ ചേര്‍ന്നതോടെ രാജിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിറകേ സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരെ മന്ത്രി പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ലെന്ന് മുതിര്‍ന്ന ആര്‍ ജെ ഡി നേതാവ് ഭഗ്‌വന്‍ സിംഗ് കുശവാഹ പറഞ്ഞു. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണ്. തോറ്റ മറ്റ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിനിര്‍ണയത്തെ പഴിക്കാമല്ലോ എന്ന് അദ്ദേഹം തുറന്നടിച്ചു.
ഉപതിരഞ്ഞെടുപ്പിലെ സഖ്യ പരീക്ഷണം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വരെ നീട്ടാനും സ്ഥിരം സഖ്യമാക്കാനും ആഗ്രഹിക്കുന്ന നേതൃത്വത്തിന് തലവേദനയാണ് ബാങ്കയിലെ ചെളിവാരിയേറ്. സഖ്യത്തിന് വിള്ളലേല്‍പ്പിക്കുന്ന തരത്തില്‍ തര്‍ക്കം വളരുമോയെന്നാണ് നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.