Connect with us

Ongoing News

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിതരണം ചെയ്ത ഉപകരണങ്ങളും മരുന്നുകളും സ്വകാര്യ ലാബില്‍

Published

|

Last Updated

ചെങ്ങന്നൂര്‍: ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിതരണം ചെയ്ത ഉപകരണങ്ങളും മരുന്നുകളും സ്വകാര്യ ലാബില്‍ നിന്ന് പിടികൂടി.
ചെങ്ങന്നൂര്‍ ഗവ. ആശൂപത്രി ജംഗ്ഷനില്‍ എം സി റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹൈടെക് ലബോറട്ടറിയില്‍ നിന്നാണ് കാലഹരണപ്പെട്ട മരുന്നുകളും ഉപകരണങ്ങളും പിടികൂടിയത്. ഈ ലാബിനെ കുറിച്ച് ആരോഗ്യവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതോടൊപ്പം ആശുപത്രിയില്‍ വിവിധ ലാബ് പരിശോധനകള്‍ക്കായി എത്തുന്നവരോട് ചില ഡോക്ടര്‍മാരും അറ്റന്‍ഡര്‍മാരും നഴ്‌സുമാരും ലാബ് ജീവനക്കാരും ആശുപത്രിയിലെ ലാബ് ഉപകരണങ്ങളില്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമാകില്ലെന്നും ഹൈടെക് ലാബില്‍ പരിശോധന നടത്താന്‍ നിര്‍ദേശിക്കുന്നതും പതിവായതോടെ പരാതികള്‍ ഉയരുകയായിരുന്നു. ഇതെതുടര്‍ന്നായിരുന്നു പരിശോധന.
പിടിച്ചെടുത്ത ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതും മരുന്നുകള്‍ ഉപയോഗ്യശൂന്യമാണെന്നും റെയ്ഡ് സംഘം എത്തുമ്പോഴും നടന്നുകൊണ്ടിരുന്ന പരിശോധനകളില്‍ ഉപയോഗിച്ചിരുന്നത് ഈ സാധനങ്ങള്‍ തന്നെയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ലാബ് നടത്താന്‍ മതിയായ ലൈസന്‍സ് സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ജീവനക്കാരായി ഉണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിശോധകര്‍ക്ക് വേണ്ട യോഗ്യതയും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഉടമസ്ഥനെന്ന് പരിചയപ്പെടുത്തി എത്തിയ ആള്‍ മദ്യപിച്ച അവസ്ഥയിലായിന്നു. ഇയാള്‍ ഉടമസ്ഥന്റെ ബിനാമി ആണെന്നും പറയുന്നു. രക്തം, കഫം, മലം, മൂത്രം എന്നിവയുടെ പരിശോധനകള്‍ക്കു പുറമേ ചില ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുന്ന മരുന്നുകളും ഇവിടെ നിന്ന് വിതരണം ചെയ്യുകയും പണം വാങ്ങുകയും ചെയ്തിരുന്നു.