കുത്തകകള്‍ക്ക് രാജ്യം തീറെഴുതുന്നവര്‍

Posted on: August 27, 2014 6:00 am | Last updated: August 27, 2014 at 12:56 am

SIRAJ.......വിവാദമായ കല്‍ക്കരിപ്പാട വിതരണത്തില്‍ സി എ ജി റിപോര്‍ട്ടിനെ ശരിവെക്കുന്നതാണ് തിങ്കളാഴ്ചത്തെ കോടതി വിധി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് 1993- 2010 കാലഘട്ടങ്ങളില്‍ കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതെന്നാണ് ചീഫ് ജസ്റ്റിസ് എം ആര്‍ ലോധ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ നിരീക്ഷണം. നിയമവിധേയമല്ലാത്ത നടപടികളിലൂടെ വിതരണം ചെയ്ത 218 കല്‍ക്കരിപ്പാടങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടെന്തെന്ന് സെപ്തംബര്‍ ഒന്നിന് നടക്കുന്ന വിശദമായ വാദം കേള്‍ക്കലിനു ശേഷം തീരുമാനിക്കുമെന്നും കോടതി അറിയിക്കുകയുണ്ടായി.
ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 194 കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് 2012 മാര്‍ച്ചില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വെളിപ്പെടുത്തിയിരുന്നു. നിയമ വകുപ്പിന്റെയും കല്‍ക്കരി വകുപ്പ് സെക്രട്ടറിയുടെയും നിര്‍ദേശങ്ങള്‍ മറി കടന്നു ലേലത്തിലൂടെയല്ലാതെ സ്‌ക്രീനിംഗ് കമ്മിറ്റി വഴി പാടങ്ങള്‍ വിതരണം ചെയ്തതു വഴി പൊതു ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നതായും സി എ ജി കണ്ടെത്തി. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ ടണ്ണൊന്നിന് 50 രൂപ മാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുക്കാന്‍ കമ്പനിക്ക് ചെലവാകുന്ന തുക 850 രൂപയാണെന്ന് കണക്കാക്കുന്നു. ടണ്ണൊന്നിന് സര്‍ക്കാരിന് 500 രൂപ നഷ്ടം വരുമെന്നാണ് സി എ ജി റിപോര്‍ട്ട് സമര്‍പ്പിച്ച കാലത്തെ കണക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസാര്‍ പവര്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റാ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയ 25 കമ്പനികളാണ് ഇതിലൂടെ വന്‍ നേട്ടമുണ്ടാക്കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥലം നല്‍കുമ്പോള്‍ പോലും ഏക്കറിനു ലക്ഷങ്ങളാണ് മതിപ്പ് വില കണക്കാക്കുന്നതെന്നിരിക്കെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് തുച്ഛ വിലക്ക് ഭൂമി നല്‍കിയെന്നതാണ് ആശ്ചര്യകരം. അന്ന് അധികാരത്തിലുണ്ടായിരുന്ന ചിലരുടെ കുത്തകകളുമായുള്ള അവിഹിത ബന്ധമാണ് ഇതിന് പിന്നില്‍.
കേന്ദ്ര സര്‍ക്കാറിന് പല വട്ടം കോടതിയുടെ രുക്ഷമായ വിമര്‍ശം കേള്‍ക്കേണ്ടി വന്ന കേസാണ് കല്‍ക്കരി അഴിമതി. കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന സി ബി ഐ അന്വേഷണത്തിനു പോലും സര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും കോടതിക്ക് സമര്‍പ്പിക്കാനായി സി ബി ഐ തയാറാക്കിയ റിപോര്‍ട്ടില്‍ രണ്ടാം യു പി എ സര്‍ക്കാര്‍ കാലത്തെ നിയമ മന്ത്രാലയം ഇടപെട്ട് തിരുത്തലുകള്‍ വരുത്തുകയും ചെയ്തിരുന്നു. നിയമ മന്ത്രിയായിരുന്ന അശ്വിനികുമാറിന് മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത് ഈ ഇടപെടലിനെ തുടര്‍ന്നാണ്. പാടങ്ങള്‍ അനുവദിച്ചതിലെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന കല്‍ക്കരി മന്ത്രാലയത്തിലെ രേഖകള്‍ ഉള്‍പ്പെടെ കേസന്വേഷണത്തിന് ആവശ്യമായ രേഖകള്‍ സി ബി ഐക്ക് നല്‍കാന്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുകയുമുണ്ടായി കോടതി ഇടപെട്ടാണ് പ്രസ്തുത രേഖകള്‍ ലഭ്യമാക്കിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംശയത്തിന്റെ കരിനിഴലിലാക്കുകയുണ്ടായി കല്‍ക്കരി കേസ്. 2004 മുതല്‍ 2009 വരെ കല്‍ക്കരിപ്പാടങ്ങളുടെ ചുമതല മന്‍മോഹനായിരുന്നു. കേസുകളിലെ സി എ ജി റിപോര്‍ട്ടുകളില്‍ നിന്ന് പ്രമുഖരുടെ പേരുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ സര്‍ക്കാറില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായി മുന്‍ സി എ ജി വിനോദ് റായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുമുണ്ടായി.
കല്‍ക്കരി മന്ത്രാലയത്തിലെ ഇടപാടുകള്‍ സി എ ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ പാര്‍ലിമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്തിയത് ബി ജെ പിയായിരുന്നു. 2004 മുതല്‍ 20014 വരെയുള്ള കാലത്തെ ഇടപാടുകള്‍ അന്വേഷണവിധേയമാക്കി യു പി എ സര്‍ക്കാറിനെ സമ്മര്‍ദ്ദദത്തിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അന്വേഷണ പരിധിയില്‍ കോടതി 2003 മുതലുള്ള ഇടപാടുകള്‍ കൂടി ഉള്‍പ്പെടുത്തുകയുണ്ടായി. 1999-04 കാലഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്നത് എന്‍ ഡി എ സര്‍ക്കാറായിരുന്നതിനാല്‍ ബി ജെ പി ഇപ്പോള്‍ വെട്ടിലായിരിക്കയാണ്.
ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് ദേശസാല്‍ക്കരിച്ചിരുന്നതാണ് കല്‍ക്കരി ഖനന മേഖല. മന്‍മോഹന്‍-ചിദംബരം കൂട്ടുകെട്ടിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് ഇത്തരം മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ തുടങ്ങിയത്. കോര്‍പറേറ്റുകളും കുത്തക കമ്പനികളും വന്‍ നേട്ടങ്ങളുണ്ടാക്കുകയും പൊതുഖജനാവ് ശോഷിക്കുകയും ചെയ്തുവെന്നതായിരുന്നു അനന്തര ഫലം. അനധികൃതമായി നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കുക വഴി പൊതുമേഖലക്ക് അവ മുതല്‍ക്കൂട്ടാക്കാന്‍ സഹായകമായ നടപടികളാണ് ഇനി നീതിന്യായ മേഖലകളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കിയ യു പി എ, എന്‍ ഡി എ ഭരണത്തിലെ കറുത്ത കരങ്ങളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും വേണം.

ALSO READ  കേരളം നിയമ പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍