വേനല്‍ക്കാല കൃഷിക്കായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നാല് കോടി ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്നു

Posted on: August 26, 2014 11:03 am | Last updated: August 26, 2014 at 11:03 am

FARMകല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴില്‍ വയനാട്ടിലെ അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വേനല്‍ക്കാലത്തെ കൃഷിയാവശ്യത്തിനായി നാല് കോടി ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്നു. ഗവേഷണ കേന്ദ്രത്തിലെ വിവിധ ബ്ലോക്കുകളിലായി തീര്‍ത്ത നാല് കൂറ്റന്‍ കുഴികളിലാണ് മഴവെള്ളക്കൊയ്ത്ത്. ഒരു കോടി ലിറ്ററാണ് ഓരോ കുഴിയുടേയും ശേഷി. കഴിഞ്ഞ രണ്ട് മാസത്തിനിടെ പെയ്ത മഴയില്‍ നാല് കുഴികളിലുമായി ഏകദേശം മൂന്നു കോടി ലിറ്റര്‍ വെള്ളം സംഭരിച്ചു. മഴക്കാലം കഴിയുമ്പോഴേക്ക് മുഴുവന്‍ കുഴികളും നിറയുമെന്ന പ്രതീക്ഷയിലാണ് ഗവേഷണകേന്ദ്രം അധികൃതര്‍. കുഴികളില്‍ സംഭരിക്കുന്ന വെള്ളം ഗവേഷണകേന്ദ്രത്തിന്റെ ഫാമുകളില്‍ വേനല്‍ക്കാലത്ത് കുറഞ്ഞത് നാലു മാസത്തെ ഡ്രിഫ്റ്റ് ഇറിഗേഷനു തികയുമെന്ന് ഫാം ഓഫീസര്‍ കെ.വി.വത്സന്‍ പറഞ്ഞു. അമ്പലവയലില്‍ 250 ഏക്കര്‍ ഭൂമിയാണ് ഗവേഷണകേന്ദ്രത്തിന്റെ അധീനതയില്‍. ഇതില്‍ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത് ഒഴികെ മുഴുവന്‍ ഭൂമിയും കൃഷി-അനുബന്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിവരികയാണ്.
വിശ്രുത കാര്‍ഷിക ശാസ്ത്രജ്ഞനും ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടറുമായ ഡോ.പി.രാജേന്ദ്രന്റേതാണ് വേനല്‍ പ്രതിരോധത്തിനു മഴവെള്ളക്കൊയ്ത്ത് എന്ന ആശയം. 51 മീറ്റര്‍ നീളവും അത്രതന്നെ വീതിയും ഏഴ് മീറ്റര്‍ ആഴവും ഉളളതാണ് ഓരോ കുഴിയും. മണ്ണുമാന്തി ഉപയോഗിച്ചു തീര്‍ത്ത കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴവെള്ളം ശേഖരിക്കുന്നത്. കുറഞ്ഞത് 12 വര്‍ഷം കേടുകൂടാതെയിരിക്കുന്നതാണ് കുഴികളില്‍ വിരിച്ച പ്ലാസ്റ്റിക് ഷീറ്റുകള്‍. ഏകദേശം 13 ലക്ഷം രൂപയാണ് ഒരു കുഴിയുടെ നിര്‍മാണ ചെലവ്. ഇതില്‍ എട്ട് ലക്ഷം രൂപ പ്ലാസ്റ്റിക് ഷീറ്റിന്റെ വിലയാണ്.
മഴവെള്ളക്കൊയ്ത്തിനു തുടക്കമായതോടെ കുളങ്ങളായി മാറിയ കുഴികളില്‍ 30,000 വീതം മത്സ്യക്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചിട്ടുണ്ട്. കട്‌ല, രോഹു, കാര്‍പ് എന്നീ ഇനം മീന്‍കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മാസങ്ങള്‍ കഴിഞ്ഞ് മത്സ്യ വിളവെടുപ്പിലൂടെ തരക്കേടില്ലാത്ത വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാം ഓഫീസര്‍ പറഞ്ഞു. തൃശൂരിലെ ഹാച്ചറിയില്‍നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്.
കുഴികളുടെ നിര്‍മാണത്തിനായി നീക്കിയ മണ്ണും ഗവേഷണകേന്ദ്രം ഉപയോഗപ്പെടുത്തി. തകര്‍ന്നുകിടന്ന മുഴുവന്‍ ഫാം റോഡുകളും മണ്ണിട്ട് സഞ്ചാരയോഗ്യമാക്കി.
35 ലക്ഷം തൈകളുടെ പോട്ടിംഗിനും മണ്ണ് പ്രയോജനപ്പെടുത്തി. ഓരോ കൂടിലും 200 ഗ്രാം വീതം മണ്ണും മണലും ചാണകവും ഇട്ടാണ് പോട്ടിംഗ്. വേനലിന്റെ കാഠിന്യം മുന്‍ വര്‍ഷങ്ങളില്‍ ഫാമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. നട്ടുവളര്‍ത്തുന്ന നനാതരം സസ്യങ്ങള്‍ ജലസേചന സൗകര്യത്തിന്റെ അഭാവത്തില്‍ ഉണങ്ങിനശിക്കുന്നത് കണ്ടുനില്‍ക്കാനേ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും കഴിയുമായിരുന്നുള്ളൂ. മഴവെള്ളക്കൊയ്ത്തിനു പദ്ധതി നടപ്പിലാക്കിയതോടെ ഈ അവസ്ഥയ്ക്കാണ് പരിഹാരമായത്.
മഴവെള്ളക്കൊയ്ത്തിനു നിര്‍മിച്ച കുഴികളുടെ പരിസരം പൂച്ചെടികളടക്കം വെച്ചുപിടിപ്പിച്ച് സന്ദര്‍ശക സൗഹൃദമാക്കുന്നതിനുള്ള പരിപാടികളും പുരോഗതിയിലാണ്.