പുകയില ജന്യ രോഗം: കേരള അയല്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടുന്നു

Posted on: August 26, 2014 12:42 am | Last updated: August 26, 2014 at 12:42 am

smokeതിരുവനന്തപുരം:പുകയിലജന്യ രോഗ ചികിത്സ സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരത്തില്‍ കേരളം അയല്‍സംസ്ഥാനങ്ങളെ പിന്നിലാക്കിയതായി പഠനം. കര്‍ണാടകവും തമിഴ്‌നാടുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ വളരെ മുന്നിലാണെന്നാണ് ദേശീയതലത്തില്‍ നടത്തിയ പഠനം പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും പിന്തുണയോടെ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പഠനത്തില്‍ കര്‍ണാടക ചെലവഴിക്കുന്നതിനേക്കാള്‍ 75 ശതമാനം കൂടുതലാണ് പുകയിലജന്യ രോഗങ്ങള്‍ക്കായി കേരളം ചെലവഴിക്കുന്ന തുക. കേരളം ഇതിനായി പ്രതിവര്‍ഷം 545.4 കോടി രൂപ ചെലവാക്കുമ്പോള്‍ കര്‍ണാടകയില്‍ ഇത് 314.7 കോടി രൂപ മാത്രമാണ്. 467 കോടി രൂപ ചെലവഴിക്കുന്ന തമിഴ്‌നാടിന്റെ ബാധ്യതയേക്കാള്‍ 17 ശതമാനം കൂടുതലാണ് കേരളത്തിന്റെ ബാധ്യത.
2011ല്‍ 35നും 69നും ഇടയില്‍ പ്രായമുള്ള ആളുകളെ അടിസ്ഥാനമാക്കി രണ്ട് വിഭാഗങ്ങളിലായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹൃദ്രോഗം, അര്‍ബുദം, ക്ഷയം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കും മറ്റെല്ലാ പുകയിലജന്യരോഗങ്ങള്‍ക്കും ചികിത്സക്കുവേണ്ടി ചെലവാക്കുന്ന നേരിട്ടും അല്ലാതെയുമുള്ള തുകയുടെ അടിസ്ഥാനത്തിലാണിത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടോ അല്ലാതെയോ രോഗികള്‍ക്ക് മരുന്നുകള്‍ക്കും ചികിത്സാനിര്‍ണയത്തിനും ഡോക്ടര്‍മാര്‍ക്കുള്ള ഫീസായും കിടത്തിച്ചികിത്സക്കുള്ള ചെലവായും മറ്റുമാണ് നേരിട്ടുള്ള ചെലവുകള്‍ കണക്കാക്കുന്നത്. ഒപ്പം നില്‍ക്കുന്നവരുടെ താമസ, യാത്രാച്ചെലവുകള്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിലൂടെയും മരണത്തിലൂടെയും മറ്റും നഷ്ടമാകുന്ന കുടുംബ വരുമാനം തുടങ്ങിയവയെല്ലാം നേരിട്ടല്ലാത്ത ചെലവുകളില്‍ പെടും.
മറ്റു രോഗങ്ങളുടെ കാര്യത്തിലും കേരളം വലിയ സാമ്പത്തികഭാരമാണ് പേറുന്നത്. എല്ലാ രോഗങ്ങള്‍ക്കുമായുള്ള കേരളത്തിന്റെ ചെലവുകള്‍ 1513.7 കോടി രൂപയാണെങ്കില്‍ കര്‍ണാടകയില്‍ ഇത് 983.1 കോടിയും തമിഴ്‌നാട്ടില്‍ 1171.3 കോടിയുമാണ്.
ഉപയോഗത്തിന്റെ രീതികള്‍ മൂലം കേരളത്തിലെ പുരുഷന്മാര്‍ക്ക് പുകയിലജന്യ ചെലവുകള്‍ സ്ത്രീകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പുരുഷന്മാരിലാണ് ചവക്കുന്നതിനെ അപേക്ഷിച്ച് പുകവലി ശീലം കൂടുതലെന്നതിനാലാണിത്. നാല് പ്രധാന രോഗങ്ങളുടെ ചെലവായി കേരളത്തിലെ പുരുഷന്‍മാര്‍ക്ക് ചെലവാകുന്ന 518.9 കോടി രൂപ കര്‍ണാടകത്തേക്കാള്‍ 90 ശതമാനവും തമിഴ്‌നാടിനേക്കാള്‍ 40 ശതമാനവും കൂടുതലാണ്. കേരളത്തിലെ സ്ത്രീകളില്‍ പുകയിലജന്യ രോഗചികിത്സാച്ചെലവ് 26.4 കോടിയാണ്.
ഇന്ത്യയില്‍ പുകയില ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന ആന്ധ്രപ്രദേശാണ് പുകയില ഉപയോഗം മൂലമുള്ള ഏറ്റവും കൂടിയ സാമ്പത്തികഭാരത്തില്‍ മുന്നിലുള്ളത്.
ഇന്ത്യയുടെ പുകയില നിയന്ത്രണ നിയമമായ കോട്പ 2003 ശക്തമായി നടപ്പാക്കുന്നതിനും സിഗററ്റും ബീഡിയും ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി ഏകീകരിക്കുന്നതിനും പുകയില്ലാത്ത പുകയില ഉത്പന്നങ്ങളുടെനിര്‍മാണവും വില്‍പ്പനയും നിരോധിക്കുന്നതിനും വ്യത്യസ്ത വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള മികച്ച ബോധവത്കരണത്തിനും മുന്‍ഗണന നല്‍കണമെന്ന് പഠനത്തില്‍ നിര്‍ദേശിക്കുന്നു. സിഗററ്റിന് കേരളത്തില്‍ 22 ശതമാനം മൂല്യവര്‍ധിത നികുതി ഈടാക്കുന്നുണ്ടെങ്കിലും ബീഡിക്ക് നികുതിയില്ല.