Connect with us

Gulf

കടലില്‍ അകപ്പെട്ട 45 പേരെ ദുബൈ പോലീസ് രക്ഷപ്പെടുത്തി

Published

|

Last Updated

ദുബൈ: കടലില്‍ അകപ്പെട്ട 45 പേരെ രക്ഷപ്പെടുത്തിയതായി ദുബൈ പോലീസ് വ്യക്തമാക്കി. ഈ വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങള്‍ക്കിടയിലാണ് അപകടകരമായ ഭാഗത്ത് കടലില്‍ കുളിക്കാനും വിനോദത്തിനുമായി ഇറങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഇതേ കാലയളവില്‍ രണ്ടു പേര്‍ മാത്രമാണ് കടലില്‍ മുങ്ങി മരിച്ചതെന്നും ദുബൈ പോലീസിന്റെ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ലഫ്. കേണല്‍ അഹമ്മദ് ബുര്‍ഖിബാഹ് പറഞ്ഞു. ഭൂരിപക്ഷവും അപകടത്തില്‍പ്പെട്ടത് അപകട മുന്നറിയിപ്പിനായി സ്ഥാപിച്ച കടലിലെ ചുവപ്പ് പതാക കാര്യമാക്കാതെ വിനോദത്തിലേര്‍പ്പെട്ടതാണ്. ഇവര്‍ കുളിക്കാനോ ജലകേളികള്‍ക്കോ ആയി കടലില്‍ ഇറങ്ങിയവരായിരുന്നു.

ഏഴു മാസത്തിനിടയില്‍ 30 അപകടങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായത്. ചെറിയ പെരുന്നാള്‍ ദിനത്തിലാണ് രണ്ടു പേര്‍ കടലില്‍ മുങ്ങി മരിച്ചത്. ഇവര്‍ ദുബൈയിലെ ഒരു നിര്‍മാണ കമ്പനിയിലെ ജോലിക്കാരായിരുന്നു. ഈദ് ആഘോഷത്തിനായി കമ്പനി വാഹനം കടല്‍ക്കരയില്‍ എത്തിച്ച തൊഴിലാളികളില്‍ ഉള്‍പ്പെട്ടവരായിരുന്നു കടലില്‍ മരിച്ചത്. ആ മേഖല നീന്തലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 45 അപകടങ്ങളില്‍ അഞ്ചെണ്ണം അതീവ ഗുരുതരമായ അപകടങ്ങളായിരുന്നു. നാലെണ്ണം ഗുരുതരവും 36 എണ്ണം നിസാരവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് മൂന്നു പേരാണ് മുങ്ങി മരിച്ചത്. ഇവരില്‍ ഒരാള്‍ കടലിലുണ്ടായ അപകടത്തിലായിരുന്നു മരിച്ചത്. മൊത്തത്തില്‍ 56 അപകടങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം സംഭവിച്ചത്. ഇവയില്‍ 10 എണ്ണം അതീവ ഗുരുതരവും 12 എണ്ണം ഗുരുതരവും 44 എണ്ണം നിസാരവുമായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷമായി മുങ്ങി മരണങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. ദുബൈ നഗരസഭയും പോലീസും സംയുക്തമായി നടത്തുന്ന ബോധവത്ക്കരണങ്ങളും ഒപ്പം കടലില്‍ കുളിക്കാന്‍ സുരക്ഷിതമായ ഭാഗം അടയാളപ്പെടുത്തിയതുമെല്ലാം ഇതിന് സഹായിച്ചിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലും കാലാവസ്ഥ മോശമാവുമ്പോള്‍ ഇറങ്ങാന്‍ പാടില്ലെന്ന് സൂചിപ്പിക്കാന്‍ ചുവപ്പ് പതാക സ്ഥാപിക്കാറുണ്ട്. ഇത് ആളുകള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ സാഹായകമാവുന്നുണ്ട്. ഇവിടങ്ങളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കാറുണ്ട്. നീന്താന്‍ സുരക്ഷിതമെന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിലും ദുബൈ പോലീസിന്റെ ലൈഫ് ഗാര്‍ഡുകളെ വിന്യസിക്കാറുണ്ട്. ഇത് ആരെങ്കിലും അപകടത്തില്‍ അകപ്പെട്ടാല്‍ ഉടന്‍ രക്ഷപ്പെടുത്താന്‍ സാഹായകമാവുന്നതായും കേണല്‍ അഹമ്മദ് പറഞ്ഞു. അനുവദനീയമല്ലാത്ത സ്ഥലത്ത് ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമല്ലാത്തതും കടലിന്റെ അവസ്ഥ വ്യക്തമാവാത്തതും അപകടത്തിന് ഇടയാക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് പോലീസ് നീന്തലിന് അനുമതിയില്ലാത്ത ഇടങ്ങളില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിക്കുന്നത്. കടല്‍ത്തീരങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ അനുവദനീയമായ സ്ഥലത്ത് മാത്രമേ കടലില്‍ ഇറങ്ങാവൂവെന്ന് പോലീസ് അഭ്യര്‍ഥിച്ചു. അതോടൊപ്പം കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും കടലില്‍ ഇറങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ടതാണ്. അപടകം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സ്ഥാപിക്കുന്ന ചുവന്ന പതാകയുള്ളപ്പോള്‍ കടലില്‍ നിന്നു വിട്ടുനില്‍ക്കണം. ഒരിക്കലും നീന്താന്‍ ഒറ്റക്ക് കടലില്‍ ഇറങ്ങരുത്. കുട്ടികളെ ബീച്ചുകളിലും കടലിലും ഒറ്റക്ക് ഇറങ്ങാന്‍ അനുവദിക്കരുത്. നീന്താന്‍ ഇറങ്ങുന്നതിന് മുമ്പായി മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കണം. കടല്‍ഭിത്തിയുള്ളതിന് സമീപത്തോ, പാലങ്ങള്‍ കടന്നുപോകുന്നതിന് അടിയിലോ കുളിക്കാന്‍ ഇറങ്ങരുത്. രാത്രിയില്‍ നീന്തുന്നത് പരമാവധി ഒഴിവാക്കണം. ഭക്ഷണം കഴിച്ച ഉടന്‍ നീന്താല്‍ ശ്രമിക്കരുത്. ആരെങ്കിലും മുങ്ങിപോകുന്നത് കാണുന്ന പക്ഷം 999 എന്ന നമ്പറിലേക്ക് വിളിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പോലീസ് ബോധവത്ക്കരണത്തിന്റെ ഭാഗമായി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest