Connect with us

Sports

മാഞ്ചസ്റ്ററിന് രക്ഷയില്ല

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം കണ്ടെത്താന്‍ സാധിച്ചില്ല. പുതിയ കോച്ച് ലൂയിസ് വാന്‍ ഗാലിന് കീഴില്‍ ആദ്യ മത്സരം തോറ്റ യുനൈറ്റഡ് ഇന്നലെ രണ്ടാം മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനോട് 1-1ന് സമനിലയില്‍ കുരുങ്ങി. പതിനേഴാം മിനുട്ടില്‍ ജുവാന്‍ മാറ്റ നേടിയ ഗോളിന് മുന്നിലെത്തിയ യുനൈറ്റഡിനെ മുപ്പതാം മിനുട്ടില്‍ റോഡ്‌വെലിന്റെ ഗോളില്‍ സണ്ടര്‍ലാന്‍ഡ് ഞെട്ടിച്ചു.
സീസണില്‍ കിരീടം നേടണമെങ്കില്‍ അത്ഭുതം സംഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ ലൂയിസ് വാന്‍ ഗാലിന്റെ വാക്കുകള്‍ ശരിവെക്കും വിധമാണ് ടീമിന്റെ പ്രകടനം. ടോട്ടനം 4-0ന് ക്യുപിആറിനെ തോല്‍പ്പിച്ചു. ഹള്‍-സ്റ്റോക്ക് സമനിലയില്‍. ആഴ്‌സണല്‍-എവര്‍ട്ടണ്‍ (2-2) സമനില. നിരണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം ആഴ്‌സണല്‍ ഗംഭീര തിരിച്ചുവരവാണ് എവര്‍ട്ടണിന്റെ ഗ്രൗണ്ടില്‍ നടത്തിയത്. ആദ്യ പകുതിയില്‍ 2-0 ആയിരുന്നു സ്‌കോര്‍. പത്തൊമ്പതാം മിനുട്ടില്‍ കോള്‍മാനും നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ നെയ്‌സ്മിത്തും എവര്‍ട്ടനായി ലക്ഷ്യംകണ്ടു. ആഴ്‌സണലിന്റെ തിരിച്ചുവരവ് രണ്ടാം പകുതിയില്‍ ആരോന്‍ റാംസിയും ഒലിവര്‍ ജിറൂദും നേടിയ ഗോളുകളില്‍. എണ്‍പത്തിമൂന്നാം മിനുട്ടിലായിരുന്നു റാംസിയുടെ ഗോള്‍.
ജിറൂദിന്റെ സമനില ഗോള്‍ പിറന്നത് അവസാന മിനുട്ടിലും. നാല് മിനുട്ട് ഇഞ്ചുറി ടൈമില്‍ ആഴ്‌സണല്‍ വിജയഗോളിനായി പരിശ്രമിച്ചെങ്കിലും എവര്‍ട്ടന്‍ വഴങ്ങിയില്ല. സമനിലയില്‍ നിരാശയില്ലെന്നും സീസണ്‍ കടുപ്പമേറിയതാകുമെന്ന സൂചനയാണ് എവര്‍ട്ടന്‍ നല്‍കിയിരിക്കുന്നതെന്നും ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ പറഞ്ഞു. ലീഗിലെ എല്ലാ ക്ലബ്ബുകളും മികച്ച നിലവാരമുള്ളതാണെന്നും വെംഗര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം, പുതിയ താരം അലക്‌സിസ് സാഞ്ചസിന്റെ മങ്ങിയ ഫോം തന്നെ നിരാശപ്പെടുത്തുന്നില്ലെന്നും അധികം വൈകാതെ ചിലി താരത്തില്‍ നിന്ന് ഗോളുകള്‍ പിറക്കുമെന്നും വെംഗര്‍ ശുഭാപ്തിപ്രകടിപ്പിച്ചു.

Latest