കേരളത്തില്‍ സംഘടനാശക്തി വര്‍ധിപ്പിക്കാന്‍ സംഘ്പരിവാര്‍ ആസൂത്രിത നീക്കം

Posted on: August 25, 2014 11:02 am | Last updated: August 25, 2014 at 11:02 am

bjpകണ്ണൂര്‍: സംസ്ഥാനത്തൊട്ടാകെ തങ്ങളുടെ സംഘടനാശേഷി വര്‍ധിപ്പിക്കാന്‍ സംഘ്പരിവാര്‍ ആസൂത്രിത നീക്കം തുടങ്ങി. നീണ്ട ഒരിടവേളക്ക് ശേഷമാണ് കേരളത്തില്‍ പ്രവര്‍ത്തകരെ കൂടുതല്‍ ചലനാത്മകരാക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി, ആര്‍ എസ് എസ് സംഘടനകള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ബി ജെ പിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി സംഘടനാതലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. സി പി എം, സി പി ഐ തുടങ്ങിയ ഇടതുപാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മറ്റ് സമുദായ സംഘടനകളില്‍ നിന്നും പ്രവര്‍ത്തകരെ ബി ജെ പിയിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങളാണ് ഇതിന്റെ ആദ്യ പടിയായി നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലുള്‍പ്പെടെയുള്ള സി പി എം കേന്ദ്രങ്ങളില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടിന്റെ ബലത്തിലാണ് ഇത്തരം പ്രദേശങ്ങള്‍ പ്രത്യേകമായി നിരീക്ഷിച്ച് അവിടങ്ങളിലുള്ള സി പി എം കാരെ വലയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്. ബി ജെ പിയിലേക്ക് പുതുതായി ചേരുന്നവര്‍ക്ക് കണ്ണൂരില്‍ ഇന്നലെ നല്‍കിയ സ്വീകരണത്തില്‍ പുതിയ അംഗങ്ങളെ സ്വീകരിക്കാന്‍ പാര്‍ട്ടി സജ്ജമായിട്ടുണ്ടെന്ന് സംസ്ഥാന, ദേശീയ നേതാക്കള്‍ പരസ്യ പ്രഖ്യാപനം നടത്തി. വിവിധ പാര്‍ട്ടികളില്‍ നിന്നായി 561 പ്രവര്‍ത്തകര്‍ പുതുതായി ബി ജെ പിയിലെത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നേതൃത്വം സി പി എമ്മുകാരെയാണ് തങ്ങള്‍ കൂടുതല്‍ ലക്ഷ്യമിടുന്നതെന്ന് മടിയില്ലാതെ പറയുകയും ചെയ്തു. 

സി പി എമ്മിന്റെ ലോക്കല്‍ സെക്രട്ടറിമാര്‍ മുതല്‍ മേലോട്ടുള്ള ഒരു നേതാവിനെ പോലും പുതുതായി ബി ജെ പിയിലേക്കു കൊണ്ടുവരേണ്ടതില്ലെന്നും എന്നാല്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ പരമാവധി ആകര്‍ഷിച്ച് കൊണ്ടുവരണമെന്നുമുള്ള ആഹ്വാനമാണ് ബി ജെ പി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയത്. നേരത്തെ ബി ജെ പിയുടെ വിവിധ ഘടകങ്ങളിലെ യോഗങ്ങളില്‍ ഇതുസംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ മാത്രമാണ് നടന്നിരുന്നതെങ്കില്‍ പരസ്യമായി തന്നെ സി പി എംകാരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്ന നടപടികള്‍ക്കാണ് സംഘ്പരിവാര്‍ നേതൃത്വം തുടക്കമിട്ടിട്ടുള്ളത്. ഇന്നലെ കണ്ണൂരില്‍ നടന്ന യോഗത്തില്‍ മുന്‍ ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ് ഇക്കാര്യത്തിലുള്ള ബി ജെ പിയുടെ നയം വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യം സി പി എമ്മിലെ നിഷ്‌കളങ്കരും സാധാരണക്കാരുമായ പ്രവര്‍ത്തകരാണെന്നും അവരെ കൊണ്ടുവരാനുള്ള ശ്രമം ഇനിയും തുടരുമെന്നുമാണ് കൃഷ്ണദാസ് പറഞ്ഞത്. സി പി എമ്മിലെ പ്രവര്‍ത്തകരുമായി ഇനി സംഘര്‍ഷത്തിനില്ലെന്നും അവര്‍ നാളെ തങ്ങള്‍ക്കൊപ്പം വരേണ്ടവരാണെന്ന് അണികളെ ബോധ്യപ്പെടുത്താനും നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. അടുത്ത വര്‍ഷം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ ശക്തി വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.
സംഘ്പരിവാര്‍ സംഘടനകളുടെ ശക്തി കണ്ണൂരുള്‍പ്പെടെയുള്ള ജില്ലകളില്‍ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ആര്‍ എസ് എസിന്റെ സംസ്ഥാനതല സംഘടനാ ചര്‍ച്ചയില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ശാഖാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും സംഘടനയുമായി അകന്നുനിന്നവരെ വീണ്ടും ഒന്നിച്ചുനിര്‍ത്താനുമുള്ള ശ്രമങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ വിജയിച്ചതായി നേതൃത്വം അവകാശപ്പെടുന്നുമുണ്ട്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2400 കേന്ദ്രങ്ങളില്‍ കണ്ണൂരില്‍ മാത്രം ഇക്കുറി രക്ഷാബന്ധന്‍ പരിപാടി സംഘടിപ്പിക്കാനായി എന്ന് സംഘടനാ ശേഷി വര്‍ധിപ്പിച്ചതിന്റെ തെളിവായി ബി ജെ പി നേതൃത്വം ഇന്നലെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 403 സി പി എം അനുഭാവികളുള്‍പ്പെടെ 561 പേര്‍ പുതുതായി സംഘപരിവാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകള്‍ തോറും വിപുലമായ സ്വീകരണ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കൂടുതല്‍ പേരെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ബി ജെ പി നേതൃത്വം മറയില്ലാതെ ഇന്നലെ പറയുകയും ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ശേഷമാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സി പി എം കേന്ദ്രങ്ങളിലടക്കം ശക്തി വര്‍ധിപ്പിക്കാനുള്ള ഒരു നീക്കം വീണ്ടും തുടങ്ങുന്നത്. സി പി എം മോഡലില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങിയും മറ്റും ജനകീയാടിത്തറ വികസിപ്പിക്കണമെന്ന സംഘപരിവാറിന്റെ മുന്‍ തീരുമാനങ്ങള്‍ ഒന്നും വിജയം കണ്ടിരുന്നില്ല. ദക്ഷിണ കര്‍ണാടകയിലെ സംഘപരിവാര്‍ നേതൃത്വം കണ്ണൂരിലും കാസര്‍കോട്ടും പ്രസ്ഥാനം വളര്‍ത്താന്‍ ഒരുവേള സഹായകമായെത്തിയെങ്കിലും അതും കാര്യമായി ഏശിയില്ല. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രത്തിലെ പുതിയ സര്‍ക്കാറിന്റെ ബലത്തില്‍ ബി ജെ പിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്ത് അടിവേരുറപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതും ബി ജെ പി പ്രസിഡന്റ് അമിത് ഷായുള്‍പ്പെടെയുള്ളവര്‍ അടുത്ത ദിവസം കേരളത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് സംഘ്പരിവാറിന്റെ ശക്തികൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് അത് വലിയ പ്രചോദനമാണെന്ന് ഉറപ്പാണ്. അതേസമയം സംഘപരിവാറിലേക്ക് സി പി എമ്മില്‍ നിന്നുള്‍പ്പെടെയുള്ള കൂടുതലാളുകളെ ചേര്‍ക്കാന്‍ ശ്രമിക്കുന്ന നടപടികള്‍ ഏതെങ്കിലും തരത്തില്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് വഴിമാറുമോയെന്ന് ആശങ്കെപ്പടുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.