ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി: പത്ത് വര്‍ഷത്തിനുള്ളില്‍ 28,000 കോടി ഡോളറായി ഉയര്‍ന്നേക്കും

Posted on: August 25, 2014 10:51 am | Last updated: August 25, 2014 at 12:33 pm

dollarന്യൂഡല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28,000 കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് റിസര്‍ച്ച് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ മുന്നേറ്റം കാരണം നിലവില്‍ ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 8,000 കോടി രൂപയുടെതാണ്. കേന്ദ്രത്തില്‍ പുതുതായി അധികാരത്തിലേറിയ എന്‍ ഡി എ സര്‍ക്കാറും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണവും ഈ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് റിസര്‍ച്ച് റിപ്പോര്‍ട്ട് കാണിക്കുന്നത്. അതേസമയം സാമ്പത്തിക രംഗത്തെ ഉദാരീകരണത്തിനനുസരിച്ച് ജി ഡി പി ആനുപാതത്തിലെ വര്‍ധനവ് തുടരുമെന്ന നിഗമനത്തിലാണ് 28,000 കോടിയുടെ കയറ്റുമതി പ്രതീക്ഷിക്കപ്പെടുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവയാണ് ഇന്ത്യ ആസിയാന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുക. അതേസമയം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ എന്നിവയിലാണ് ആസിയാന്‍ രാജ്യങ്ങള്‍ തിരിച്ച് നേട്ടം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപരക്കരാറുകള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് വിഭാഗവും ചരക്കുകളുടെ സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പ് വെച്ചിരുന്നു.
ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, കംബോഡിയ, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ആസിയാന്‍ രാജ്യങ്ങളുടെ പരിധിയില്‍ വരിക.
എന്‍ ഡി എയുടെ നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ആസിയാന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുമെന്ന രീതിയിലായിരുന്നു സര്‍ക്കാറിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി ചില ആസിയാന്‍ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുകയും വിവിധ കരാറുകളില്‍ ഒപ്പ് വെക്കുകയും ചെയ്തിരുന്നു.