ശര്‍മിള വീണ്ടും തടവിലാകുമ്പോള്‍

Posted on: August 24, 2014 6:00 am | Last updated: August 23, 2014 at 11:29 pm

സായുധ സേനക്ക് ആരെ വേണമെങ്കിലും കൊലപ്പെടുത്താം, എവിടെയും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം, ബലപ്രയോഗം നടത്താം, സംശയത്തിന്റെ പേരില്‍ ആരേയും അറസ്റ്റ്‌ചെയ്ത് തടങ്കലിലാക്കാം. ഇതാണ് സായുധ സേന പ്രത്യേക അധികാര നിയമ (എ എഫ് എസ് പി എ) ത്തിന്റെ ഉള്ളടക്കം. 2000 നവംബര്‍ മാസം മണിപ്പൂരിലെ മാലോം ടൗണില്‍ ഒരു ബസ് സ്റ്റാന്‍ഡില്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന, ഭടന്മാര്‍ തുരുതുരാ നിറയൊഴിച്ചു. പ്രകോപനം എന്തെന്ന് നിറയൊഴിച്ച ഭടന്മാര്‍ക്ക് പോലും അറിയില്ല. ഒരു യുവതിയടക്കം പത്ത് നിരപരാധികള്‍ ഇവിടെ കൊല ചെയ്യപ്പെട്ടു. കുറ്റവാളികളായ സായുധ സേനാംഗങ്ങളെ ചോദ്യം ചെയ്യുകപോലുമുണ്ടായില്ല. എ എഫ് എസ് പി എയുടെ തണലില്‍ മാലോം കൂട്ടക്കൊലക്കേസ് പ്രതികള്‍ സുരക്ഷിതരായി. ‘ഭീകരവാദികള്‍’ കൊല ചെയ്യപ്പെട്ടു എന്ന പ്രചാരണത്തെ തുടര്‍ന്ന് കാര്യമായി ആരും തന്നെ പ്രതികരിച്ചില്ല. പക്ഷെ, ഒരു യുവതി അതിനെതിരെ പ്രതികരിച്ചു. കവിതയെഴുതിയും സമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തിയും സാമൂഹിക പ്രവര്‍ത്തനം നടത്തുകയായിരുന്ന, അന്ന് 27 വയസ്സ് മാത്രം പ്രായമുള്ള ഇറോം ശര്‍മിളയായിരുന്നു അത്. സേനയുടെ വെടിയേറ്റ് തുളഞ്ഞ് ചിതറിയ പത്ത് യുവാക്കളുടെ മൃതദേഹങ്ങളുടെ കിടപ്പ് അവര്‍ക്ക് സഹിക്കാനാകുമായിരുന്നില്ല. കൊലയാളികളെ സംരക്ഷിക്കുന്ന, നിരപരാധികളെ കൂട്ടക്കൊല ചെയ്യാന്‍ സൗകര്യമൊരുക്കുന്ന എ എഫ് എസ് പി എ എന്ന കരി നിയമം പിന്‍വലിക്കാതെ ജലപാനം പോലും നടത്തില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു.
തുടര്‍ന്നിന്നുവരെ ശര്‍മിള ഉപവാസം തുടരുകയാണ്. നീണ്ട 14 വര്‍ഷങ്ങള്‍!. അതിനിടയില്‍ ഭക്ഷണം കഴിക്കാതെ ആത്മഹത്യാശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഊഴമിട്ട് ജുഡീഷ്യല്‍ കസ്റ്റഡി. നിര്‍ബന്ധിച്ച് ബലപ്രയോഗത്തിലൂടെ ഭക്ഷണം കഴിപ്പിക്കാന്‍ മൂക്കിലൂടെ റബ്ബര്‍ ട്യൂബ് ഘടിപ്പിച്ചു. ഉപവസിക്കാനുള്ള തീരുമാനം തന്റെ അവകാശമാണെന്ന് ശര്‍മിള പറയുമ്പോള്‍, ബലപ്രയോഗത്തിലൂടെ ഭക്ഷണം കഴിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സര്‍ക്കാറും സായുധസേനയും നിലപാടെടുത്തു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പോലുള്ള മഹാന്മാര്‍ എടുത്ത് പ്രയോഗിച്ച അക്രമരഹിത, സമാധാനപരമായ സഹനസമരമുറ പലരേയും വിറകൊള്ളിച്ചു. കഴിഞ്ഞ ബുധനാഴ്ച ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് ആശുപത്രിയിലെ താത്കാലിക തടവറയില്‍ നിന്നും, കോടതി ഉത്തരവ് പ്രകാരം സ്വതന്ത്രയാക്കിയ ‘മണിപ്പൂരിന്റെ ഉരുക്ക് വനിത’യെ മൂന്നാം ദിവസം വീണ്ടും അറസ്റ്റ് ചെയ്തു.
ആത്മഹത്യാശ്രമം ആരോപിച്ച് അറസ്റ്റ്‌ചെയ്യുകയും 14 വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് വെള്ളിയാഴ്ച പോലീസ് നടത്തിയത്. ശര്‍മിളയുടെ ജീവന്‍ തങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നും അതിനാല്‍ അവരെ ഉപവസിക്കാന്‍ അനുവദിക്കാനാവില്ലെന്നുമാണ് മണിപ്പൂര്‍ സര്‍ക്കാറിന്റെ നിലപാട്. ഈ പ്രശ്‌നത്തില്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക പ്രയാസമാണ്. ഇത്തരുണത്തില്‍ ശര്‍മിള ഉന്നയിച്ചിരിക്കുന്ന ആവശ്യം കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഉന്നയിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ശര്‍മിളയുടെ ജീവന്‍ തങ്ങള്‍ക്ക് വിലപ്പെട്ടതാണെന്ന മണിപ്പൂര്‍ സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ ശര്‍മിളയുടെ സഹനസമരത്തിന് പരിഹാരം കാണണം.
അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളില്‍ പ്രാബല്യത്തിലുള്ള നിയമം മനുഷ്യാവകാശങ്ങള്‍ ഹനിക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതിനകം പുറത്ത് വന്ന വ്യാജ ഏറ്റുമുട്ടല്‍ കഥകള്‍ ഇതിന് സാക്ഷ്യപത്രങ്ങളായി നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട,് രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന രാജ്യദ്രോഹശക്തികളെ വെറുതെ വിടണമെന്ന് അര്‍ഥമില്ല. അത്തരം ശക്തികളെ കര്‍ശനമായി നേരിടുകതന്നെ വേണം. കരിനിയമങ്ങള്‍ കൊണ്ട് ഒരു ഭരണകൂടത്തിനും പ്രശ്‌നപരിഹാരം സാധ്യമല്ല. വഴിതെറ്റിപ്പോയവരെ ഭരണകൂടത്തോട് അടുപ്പിക്കാനും അവരെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ബലപ്രയോഗമല്ല, അനുനയമാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അമിതാധികാരം ആര്‍ക്കും ഗുണം ചെയ്യില്ല. പ്രത്യേകിച്ചും സായുധ സേനകള്‍ക്ക്. രാജ്യസുരക്ഷ പ്രധാന കര്‍ത്തവ്യമായുള്ള സായുധസേനാ വിഭാഗങ്ങളെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനപാലനത്തിന് നിയോഗിക്കുന്നത് അത്ര ഉചിതമല്ല എന്ന് പറയാതെവയ്യ. മനുഷ്യാവകാശ സംരക്ഷണത്തിന് സമാധാനപരമായി സഹനസമരം നടത്തുന്ന ഇറോം ശര്‍മിള രാജ്യത്തിന്റെയാകെ പിന്തുണ അര്‍ഹിക്കുന്നുണ്ട്.