Connect with us

Kerala

നെല്ലിയാമ്പതി കേസുകള്‍ സി ബി ഐ അവസാനിപ്പിക്കുന്നു

Published

|

Last Updated

പാലക്കാട്: നെല്ലിയാമ്പതിയിലെ വനഭൂമി പണയപ്പെടുത്തി വായ്പയെടുത്ത കേസുകള്‍ സി ബി ഐ അവസാനിപ്പിക്കുന്നു. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് എറണാകുളം സി ജെ എം കോടതിക്ക് നല്‍കി. വ്യാജ രേഖയുണ്ടാക്കി വനഭൂമി പണയപ്പെടുത്തി 17.50 കോടി രൂപ വായ്പയെടുത്തെന്നാണ് കേസ്. വ്യാജ രേഖ നിര്‍മിച്ചതിന് തെളിവില്ല. വനഭൂമി പണയപ്പെടുത്തിയിട്ടില്ല. എഫ്‌ഐ ആറിലെ ആരോപണങ്ങള്‍ക്ക് തെളിവില്ല. വിഷയം സിവില്‍ സ്വഭാവമുള്ളതാണ്. ക്രിമിനല്‍ കേസെടുക്കാനുള്ള വകുപ്പില്ലെന്നും സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം യൂനിറ്റിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൊത്തം 17.50 കോടി രൂപയുടെ വായ്പയെ കുറിച്ചാണ് അന്വേഷണം നടത്തിയത്. നെല്ലിയാമ്പതിയിലെ എസ്‌റ്റേറ്റുകളായ മീരാ ഫേളാര്‍സ് (9.9 കോടി), ചെറുനെല്ലി(29 ലക്ഷം), കാരാപ്പാറ എ(3. 34 കോടി), ബ്രൂക്ക് ലാന്‍ഡ് (85. 44 ലക്ഷം), സീതാമൗണ്ട് (1.15 കോടി), ലക്ഷ്മി (11.5 ലക്ഷം) എന്നിവയുടെ ഭൂമിയാണ് പണയപ്പെടുത്തിയത്. വ്യാജരേഖ നിര്‍മിച്ച് റവന്യു ബേങ്ക് ജീവനക്കാരുടെ സഹായത്തോടെ വായ്പയെടുത്തുവെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.
മീരാ ഫേളാര്‍സിന്റെ വായ്പ ഈടാക്കാന്‍ റവന്യു റിക്കവറി നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് നെന്മാറ മുന്‍ ഡി എഫ് ഒ പി ധനേഷ്‌കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റ് ഇടപാടുകള്‍ പുറത്തറിഞ്ഞത്. വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാടഗിരി പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നെന്മാറ സി ഐയും ആലത്തൂര്‍ ഡി വൈ എസ് പിയും അന്വേഷിച്ചു. എസ്‌റ്റേറ്റുകളുടെ പാട്ടക്കരാര്‍ ലംഘനവും ഏറ്റെടുക്കലും വന്‍ രാഷ്ട്രീയ വിവാദമായതോടെ വായ്പാ ഇടപാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ക്ക് വിടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കേസ് സി ബി ഐക്ക് കൈമാറണമെന്നായിരുന്നു മുന്‍ വനംമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ആവശ്യം. ഒടുവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനായി സര്‍ക്കാര്‍ ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് പാലക്കാട് എസ് പി. കെ വിജയന്റെ നേതൃത്വത്തില്‍ ആന്വേഷണം ആരംഭിച്ചു. എന്നാല്‍ നിയമപരമായ സങ്കീര്‍ണതകളും ദേശസാല്‍കൃത ബേങ്കുകള്‍ ഉള്‍പ്പെട്ടതിനാലും കേസ് സി ബി ഐക്ക് കൈമാറണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് എ ഡി ജി പി വിന്‍സണ്‍ എം പോളിന്റെ ശിപാര്‍ശ. ക്രൈം ബ്രാംഞ്ച് കേസ് ഏറ്റെടുക്കുമ്പോള്‍ 14 കോടി രൂപയുടെ വായ്പയാണ് ഉണ്ടായിരുന്നതെങ്കിലും വനം വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് തുക പലിശയുള്‍പ്പെടെ 17. 50 കോടി രൂപയായി. മൊത്തം ആറ് കേസുകളാണുള്ളത്.