ഫലസ്തീന്‍: ഇരുവിഭാഗത്തേയും ഈജിപ്ത് വീണ്ടും ചര്‍ച്ചക്ക് വിളിച്ചു

Posted on: August 23, 2014 11:02 pm | Last updated: August 23, 2014 at 11:48 pm

gaza

കൈറോ/ ഗാസ സിറ്റി: ഗാസാ പ്രതിസന്ധി പരിഹരിക്കാന്‍ അനിശ്ചിതകാല വെടിനിര്‍ത്തല്‍ കരാര്‍ സ്വീകരിക്കാനും കൈറോയിലെ പരോക്ഷ ചര്‍ച്ച തുടരാനും ഇസ്‌റാഈലിനോടും ഫലസ്തീനിനോടും ഈജിപ്ത് ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയായിരുന്നു. ഗാസയിലെ ആക്രമണത്തെ സംബന്ധിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്നലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒരു മാസം നീണ്ടുനിന്ന ഇസ്‌റാഈല്‍ ആക്രമണത്തിന് ഒമ്പത് ദിവസം ഒഴിവുണ്ടായിരുന്നു. കൈറോയിലെ പരോക്ഷ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും ആക്രമണം തുടരുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇതുവരെ 84 ഫലസ്തീനികളും ഒരു ഇസ്‌റാഈല്‍ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച മൊത്തം ഫലസ്തീനികളുടെ എണ്ണം രണ്ടായിരത്തിലേറെയായിട്ടുണ്ട്.
ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന ഹമാസ് നേതാവ് ഖാലിദ് മിശ്ആലുമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രണ്ട് തവണയായി മഹ്മൂദ് അബ്ബാസ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സീസിയെ കണ്ടത്.
അതേസമയം, ഇന്നലെ 35 വ്യോമാക്രമണങ്ങള്‍ ഇസ്‌റാഈല്‍ നടത്തിയിട്ടുണ്ട്. 30 റോക്കറ്റുകള്‍ ഇസ്‌റാഈലില്‍ പതിച്ചതായും സൈന്യം അറിയിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്‌റാഈല്‍ ആക്രമണത്തില്‍ രണ്ട് പള്ളികള്‍ തകര്‍ന്നിട്ടുണ്ട്. ശാതി അഭയാര്‍ഥി ക്യാമ്പിലെ, നേരത്തെ തകര്‍ന്ന മസ്ജിദില്‍ ഇന്നലെ വീണ്ടും ബോംബ് ആക്രമണം നടത്തി. അല്‍ സവായിദയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദമ്പതികളും മൂന്നും നാലും വയസ്സുള്ള കുട്ടികളും 45 വയസ്സുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്.