എം ജി എസ് ഹിസ്റ്ററി ഫൗണ്ടേഷന്‍ രൂപവത്കരിച്ചു

Posted on: August 23, 2014 2:14 pm | Last updated: August 23, 2014 at 2:14 pm

കോഴിക്കോട്: ചരിത്രപഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് കേന്ദ്രമാക്കി എം ജി എസ് ഹിസ്റ്ററി ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗത്തില്‍ 1976-78 ബിരുദാനന്തര ബിരുദ ബാച്ചില്‍ പഠിച്ച വിദ്യാര്‍ഥികളാണ് ഇതിനുപിന്നില്‍. ഡോ. എം ജി എസ് നാരായണന്റെ ചരിത്രപാണ്ഡിത്യത്തെ ആദരിച്ചുകൊണ്ടാണ് ട്രസ്റ്റിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. ട്രസ്റ്റിന്റെ ആദ്യപരിപാടിയായി നാളെ ഹോട്ടല്‍ അളകാപുരിയില്‍ ചരിത്രകൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങില്‍ എം ജി എസിനെ ആദരിക്കും. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം ഇതോടൊപ്പം പ്രകാശനം ചെയ്യും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ മണിഗ്രാമം- ഒരു പുനരാലോചന എന്ന വിഷയത്തില്‍ പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫ. വൈ സുബ്ബരായലു പ്രബന്ധം അവതരിപ്പിക്കും.
ചരിത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്, പുരസ്‌കാരം, സാമ്പത്തികസഹായം എന്നിവ നല്‍കാന്‍ ട്രസ്റ്റിനു പദ്ധതിയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ചരിത്ര സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുക, ചരിത്ര ലൈബ്രറികള്‍ സ്ഥാപിക്കുക, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.
ഭാരവാഹികള്‍ പ്രൊഫ. പി വേണുവാണ് (പ്രസി.), പ്രൊഫ. കെ പി മനോഹരന്‍ (വൈ. പ്രസി.്), ഡോ. എം സുമതി (സെക്ര.), ജയശ്രീ കല്ലാട്ട് (ജോ. സെക്ര.), പ്രൊഫ. കെ പി അമ്മുക്കുട്ടി (ട്രഷ.).