ഇടുക്കി ജില്ലയില്‍ ഉപാധിരഹിത പട്ടയം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്

Posted on: August 23, 2014 12:41 am | Last updated: August 23, 2014 at 12:41 am

കോട്ടയം: ഇടുക്കി ജില്ലയിലെ കൈവശാവകാശമുള്ള മുഴുവന്‍ ഭൂവുടമകള്‍ക്കും ഉപാധി രഹിത പട്ടയം നല്‍കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. 1971 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കൈവശാവകാശം ഉള്ളവര്‍ക്കാണ് പട്ടയം നല്‍കുക. ഇതിനായി നിലവിലെ നിയമത്തില്‍ പ്രത്യേക ചട്ടം ഭേദഗതി ചെയ്യുന്നത് നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കോട്ടയം പ്രസ്‌ക്ലബിന്റെ മീറ്റ് ദിപ്രസില്‍ പറഞ്ഞു. ഇക്കാര്യം മന്ത്രിസഭാ യോഗം പരിഗണിച്ച് അടിയന്തരമായി തീരുമാനം കൈക്കൊള്ളും. പിന്നീട് നിയമസഭയില്‍ ഭേദഗതി അവതരിപ്പിക്കും. പട്ടയം സംബന്ധിച്ച ചട്ടത്തിലെ 2005 ലെയും 2009 ലെയും നിയമങ്ങളാണ് പ്രധാനമായും ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭേദഗതി ചെയ്യുക. 2005ലെ നിയമ ഭേദഗതി പ്രകാരം 50 സെന്റും മലയോരങ്ങളില്‍ ഒരേക്കറും ഭൂമിക്ക് പട്ടയം നല്‍കിയിരുന്നത് നാലേക്കറായി നിജപ്പെടുത്തുന്നതാണ് പ്രധാന ഭേദഗതി. പട്ടയം ലഭിക്കുന്ന ഭൂവുടമക്ക് 25 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യുന്നത് തടഞ്ഞു കൊണ്ട് 2009ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടവും ഭേദഗതി ചെയ്യും. പട്ടയം ലഭിച്ചാലുടന്‍ തന്നെ കൈമാറ്റം ചെയ്യാനുതകുന്ന രീതിയിലാണ് ചട്ടം ഭേദഗതി ചെയ്യുന്നത്. ഇതോടെ ഭൂവുടമക്ക് മക്കളുടെ വിദ്യാഭ്യാസം , വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് പണം ലഭ്യമാക്കാനായി ഭൂമി ക്രയവിക്രയം ചെയ്യാനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി 25 വര്‍ഷത്തിനു ശേഷം മാത്രമേ കൈമാറ്റം ചെയ്യാന്‍ കഴിയുകയുള്ളൂ. നിയമഭേദഗതി ഭൂമാഫിയ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആവശ്യമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തും. നിലവില്‍ താമസിച്ചു കൊണ്ട് ഭൂമി ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പട്ടയം നല്‍കുക.