Connect with us

International

പാക്കിസ്ഥാനില്‍ പ്രക്ഷോഭകര്‍ ചര്‍ച്ചക്ക് തയ്യാറായി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി ടി ഐ) സര്‍ക്കാറുമായി ചര്‍ച്ചക്ക് സന്നദ്ധമായി. പി ടി ഐയുടെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് ശാ മഹ്മൂദ് ഖുറേശിയാണ് പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പി എം എല്‍- എന്‍) നേതൃത്വം നല്‍കുന്ന സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്. പാര്‍ലിമെന്റും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപരോധിച്ച സമരക്കാരും ഇവരെ തടയാന്‍ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയതും തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അതിനിടെ, ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് കാണിച്ച് പി ടി ഐ അംഗങ്ങള്‍ കത്ത് നല്‍കി.
ഇസ്‌ലാമാബാദില്‍ പ്രക്ഷോഭകരെ തടയാന്‍ സംവിധാനിച്ച കണ്ടെയ്‌നറുകളും മറ്റും പോലീസ് നീക്കം ചെയ്യുന്നുണ്ടെന്ന് ഖുറേശി അറിയിച്ചു. മുള്‍ത്താന്‍ വസതി ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നതിനെ സംബന്ധിച്ച് പഞ്ചാബ് ഗവര്‍ണര്‍ ചൗധരി മുഹമ്മദ് സര്‍വാറുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ അസംബ്ലിയില്‍ നിന്ന് രാജി വെച്ച ഉടനെയാണ് ചര്‍ച്ചാ സാധ്യത ഒരുങ്ങിയത്. ഖൈബര്‍ പഖ്തുന്‍ഖ്‌വ പ്രവിശ്യ ഭരിക്കുന്നത് പി ടി ഐയാണ്. പാര്‍ട്ടി ചെയര്‍മാന്‍ ഇംറാന്‍ ഖാന്‍ അടക്കമുള്ള 34 എം എന്‍ എമാരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ശരീഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നുമാണ് പി ടി ഐയുടെയും പാക്കിസ്ഥാന്‍ അവാമി തഹ്‌രീക് നേതാവ് ത്വാഹിറുല്‍ ഖാദിരിയുടെയും ആവശ്യം. പ്രക്ഷോഭക സംഘം ഏഴ് ദിവസമായി ഇസ്‌ലാമാബാദില്‍ തമ്പടിച്ചിരിക്കുകയാണ്. ലാഹോറില്‍ നിന്ന് മാര്‍ച്ച് നടത്തിയാണ് ഇവര്‍ ഇസ്‌ലാമാബാദിലെത്തിയത്.