Connect with us

Editorial

ജനഹിതത്തിലേക്ക്

Published

|

Last Updated

ബാര്‍ പ്രശ്‌നത്തില്‍ ജനഹിതം മാനിക്കുന്ന തീരുമാനമാണ് വ്യാഴാഴ്ച യു ഡി എഫ് നേതൃയോഗം കൈക്കൊണ്ടത്. പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് മദ്യനിരോധം നടപ്പാക്കാനും ഇതിന്റെ തുടക്കമെന്ന നിലയില്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് പുറമെ പ്രവര്‍ത്തിക്കുന്ന 312 എണ്ണം കൂടി പൂട്ടാനും്യൂഞായറാഴ്ചകളില്‍ മദ്യവില്‍പ്പന നിരോധിക്കാനുമാണ് തീരുമാനം. ബീവറേജ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകള്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വെട്ടിക്കുറക്കുകയും ചെയ്യും. യു ഡി എഫിന്റെ ഈ തീരുമാനത്തിന് മുഖ്യമായും കെ പി സി സി പ്രസിഡന്റ് വി എം സുധീരനോടാണ് സമൂഹം കടപ്പെട്ടിരിക്കുന്നത്. അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടാണ് യു ഡി എഫ് നേതൃത്വത്തെ ഈ നയത്തിലേക്കെത്തിച്ചത്. അവസാന ഘട്ടത്തില്‍ സുധീരനെയും മുന്‍കടന്നു സമ്പൂര്‍ണ മദ്യനിരോധം നടപ്പില്‍ വരുത്തുന്നതിനുള്ള ഫോര്‍മുല അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിനന്ദനമര്‍ഹിക്കുന്നു.
മദ്യനിരോധം നടപ്പാക്കണമെന്നത് മലയാളികളുടെ അരനൂറ്റാണ്ടോളം പഴക്കമുള്ള ആവശ്യമാണ്. നേരത്തെ മദ്യനിരോധിത സംസ്ഥാനമായിരുന്നു കേരളം. 1967ലെ ഇം എം എസ് മന്ത്രിസഭയാണ് നിരോധം എടുത്തു കളഞ്ഞത്. അന്നു മുതല്‍ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും മദ്യനിരോധത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍പ്പെട്ട സുപ്രധാന വിഷയമായിട്ടും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ശങ്കയാലാണ് സര്‍ക്കാര്‍ അതിന് വിമുഖത പ്രകടിപ്പിച്ചിരുന്നത്. വില്‍പ്പന നികുതിയാണ് കേരളത്തിന്റെ മുഖ്യ വരുമാനം. ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ പണം പൊതുഖജനാവിലെത്തുന്നത് മദ്യവില്‍പനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 5830 കോടി രൂപയാണ് മദ്യവില്‍പ്പന നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിച്ചത്. ബീവറേജസ് കോര്‍പറേഷന്‍ വഴി 9354 കോടി രൂപയുടെ മദ്യം വിറ്റഴിക്കുകയുമുണ്ടായി.
യഥേഷ്ടമുള്ള ലഭ്യത കേരളീയരുടെ മദ്യാസക്തി വര്‍ധിപ്പിച്ചു കൊണ്ടിരിക്കയാണ്. ഇന്ത്യയില്‍ മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ കേരളം. മലയാളികളുടെ പ്രതിവര്‍ഷ ശരാശരി ആളോഹരി മദ്യ ഉപഭോഗം ഒമ്പത് ലിറ്ററോളം വരും. ദേശീയ ശരാശരിയേക്കാള്‍ രണ്ട് ശതമാനം കൂടുതലാണിത്. കേരളത്തിന്റെ സാംസ്‌കാരിക മേഖലക്ക് ആഴത്തില്‍ ക്ഷതമേല്‍പ്പിക്കുകയും വീട്ടമ്മമാരെ കണ്ണീരു കുടിപ്പിക്കുകയും വ്യാപകമായ സാമുഹിക ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നതാണ് ഇതിന്റ ദുരന്തഫലം. മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ കണ്ണ് വെച്ചു ഭരണകൂടം ജനങ്ങളെ ഇമ്മട്ടില്‍ നാശത്തിലേക്ക് നയിക്കുമ്പോള്‍, മദ്യത്തിന്റെ കെടുതികളും സാമൂഹിക ദുരന്തങ്ങളും മൂലമുണ്ടാകുന്ന നഷ്ടം അതില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. 2004ലെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളുടെ മദ്യവരുമാനം 21,600 കോടിയാണെങ്കില്‍ മദ്യപാനത്തിന്റെ കെടുതികള്‍ വരുത്തിവെച്ച നഷ്ടം 24,400 കോടി വരും.
ഒരു നാടിന്റെ വളര്‍ച്ചയും ഭരണകൂടത്തിന്റെ മികവും നികുതി വരുമാാനത്തിന്റെ അടിസ്ഥാത്തില്‍ മാത്രമല്ല വിലയിരുത്തേണ്ടത്. ധാര്‍മികതയും മൂല്യങ്ങളും വിദ്യാഭ്യാസ പുരോഗതിയും തൊഴില്‍ നിലവാരവും അടിസ്ഥാന സൗകര്യ വികസനവുമെല്ലാം അതിന്റെ മാനദണ്ഡങ്ങളാണ്. രാജ്യത്ത് ഇതിനകം സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കിയ ഗുജറാത്ത്, നാഗലാന്‍ഡ്, മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങള്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന് പകരം മറ്റു സ്രോതസ്സുകള്‍ കണ്ടെത്തി മുന്നേറുന്നുവെന്നത് ശ്രദ്ധേയമാണ്.
ഔദ്യോഗികമായി നിരോധിക്കുമ്പോള്‍, വളഞ്ഞ വഴിയിലൂടെയുള്ള ലഭ്യത വര്‍ധിക്കുമെന്നും നിരോധമല്ല, ബോധവത്കരണത്തിലൂടെ സമൂഹത്തെ മദ്യവര്‍ജനത്തിലേക്ക് നയിക്കുകയാണ് വേണ്ടതെന്നുമുള്ള വാദഗതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വ്യാജമദ്യ നിര്‍മാണവും വിതരണവും തടയാന്‍ സംസ്ഥാനത്ത് നിയമങ്ങളുണ്ട്. അത് നടപ്പാക്കുന്നതിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും കുറ്റകരമായ കൃത്യവിലോപവുമാണ് വ്യാജമദ്യലോബികള്‍ക്ക് വളമേകുന്നത്. പോലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം മദ്യ ലോബികളുടെ മാസപ്പടിയും ആനുകൂല്യങ്ങളും കൈപറ്റുന്നവരാണെന്നത് രഹസ്യമല്ല. അവരെ നിലക്കു നിര്‍ത്തി, മദ്യലോബിക്കെതിരായ നടപടി കര്‍ക്കശമാക്കിയാല്‍ നിയന്ത്രിക്കാകുന്നതേയുള്ളു വ്യാജമദ്യ ലഭ്യത. പാന്‍മസാല ഉത്പന്നങ്ങളുടെയും, പൊതുസ്ഥലങ്ങളിലെ പുകവലി നിരോധത്തിന്റെയും ഗുണഫലങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. പൊതു ഇടങ്ങളിലെ പുകവലി ഇന്ന് അപൂര്‍വ കാഴ്ചയാണ്. നിയമപാലകരുടെ ജാഗ്രതയും സഹകരണവും മുലമാണ് ഇത് സാധ്യമായത്. രഹസ്യമായി ലഹരി മാഫിയകള്‍ പാന്‍മസാല ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കിലും നിരോധത്തിന് ശേഷം അത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിയമ പാലകരുടെയും ഉദ്യോഗസ്ഥരുടെയും ആത്മാര്‍ഥ സഹകരണമുണ്ടെങ്കില്‍ വ്യാജമദ്യ ലോബിയെയും നിയന്ത്രിക്കാകുന്നതേയുള്ളു.

---- facebook comment plugin here -----

Latest