ആദര്‍ശവാന്റെ ആത്മവഞ്ചനകള്‍

Posted on: August 23, 2014 6:00 am | Last updated: August 23, 2014 at 12:14 am

UPAതീവ്രവാദം ശക്തമായിരുന്ന കാലത്ത് ജമ്മു കാശ്മീരില്‍ നിന്ന് കുടിയൊഴിഞ്ഞു പോന്ന പണ്ഡിറ്റുകള്‍ക്കായി ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറുകള്‍ അഥവാ കോണ്‍ഗ്രസ് പാര്‍ട്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് 500 കോടിയുടെ പദ്ധതി, നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം സംഘ് പരിവാരത്തിന്റെ നേതാക്കള്‍ നിരന്തരമായി ചോദിക്കുന്നതാണിത്. ജമ്മു കാശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി പാക്ക് ഹൈക്കമ്മീഷനര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ നടപടി ചര്‍ച്ചയായപ്പോള്‍, അതില്‍ പങ്കെടുത്ത ബി ജെ പിയുടെ ദേശീയ, പ്രാദേശിക നേതാക്കളെല്ലാം ഈ ചോദ്യം ഉന്നയിക്കുന്നത് കേട്ടു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് 1,600 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും താഴ്‌വരയിലേക്ക് തിരികെവരുന്ന പണ്ഡിറ്റ് കുടുംബങ്ങള്‍ക്ക് വേണ്ട സഹായമൊക്കെ നല്‍കുമെന്നും 2008ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോടിയുടെ കണക്കില്‍ നോക്കുകയാണെങ്കില്‍ മോദിയുടെ 500നേക്കാള്‍ വലുപ്പമുണ്ട് മന്‍മോഹന്റെ 1,600ന്.
2008ലെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുടിയേറിയ പണ്ഡിറ്റുകള്‍ക്കായി ജമ്മു കാശ്മീര്‍ സര്‍വീസില്‍ 3000 തസ്തികകള്‍ സൃഷ്ടിച്ച് പ്രത്യേക ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. 2,148 നിയമന ഉത്തരവുകള്‍ ഇതനുസരിച്ച് പുറപ്പെടുവിച്ചെങ്കിലും 1,441 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ഒഴിഞ്ഞുകിടക്കുന്ന 1,554 തസ്തികകളെക്കുറിച്ച് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിനെയും പണ്ഡിറ്റുകള്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷനറെയും അറിയിച്ചിട്ടുണ്ട്. പണ്ഡിറ്റുകള്‍ക്കായി 505 ഇടക്കാല വാസ ഗേഹങ്ങള്‍ താഴ്‌വരയില്‍ ഒരുക്കുകയും ചെയ്തു. പണ്ഡിറ്റുകള്‍ ഒഴിഞ്ഞുപോയ സ്ഥലങ്ങളില്‍ അനധികൃത നിര്‍മാണം നടത്തിയതിന് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം നിര്‍മാണങ്ങള്‍ തടയുന്നതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. ജമ്മു കാശ്മീര്‍ നിയമസഭയെ സംസ്ഥാന റവന്യു സഹമന്ത്രിയായിരുന്ന നസീര്‍ അസ്‌ലം വാണി, 2012ല്‍ അറിയിച്ചതാണ് ഇക്കാര്യങ്ങളൊക്കെ.
‘കാശ്മീരി പണ്ഡിറ്റുകള്‍ക്കായി 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച്, വര്‍ഷങ്ങളായി അവരോട് കാട്ടുന്ന അവകാശനിഷേധത്തിന് ഞങ്ങളിതാ അറുതി വരുത്താന്‍ പോകുന്നു’വെന്ന് സംഘ് പരിവാര നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ 2008ല്‍ പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ചും അതിന്റെ ഭാഗമായെടുത്ത പരിമിതമായ നടപടികളെക്കുറിച്ചും ജനത്തോട് പറയാന്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചു? അതിനുള്ള ഓര്‍മ ഏത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായി? ‘കേരളമെന്നൊരു സംസ്ഥാനമുണ്ട്, അവിടെ മലപ്പുറമെന്നൊരു ജില്ലയുണ്ട്, 100 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണിത്, വിവാഹപ്രായം 16 ആക്കിക്കൊണ്ട് അവിടുത്തെ ജില്ലാ പഞ്ചായത്ത് നിയമം കൊണ്ടുവന്നു’വെന്നൊക്കെ ദേശീയ ടെലിവിഷന്റെ ചര്‍ച്ചയില്‍ ബി ജെ പി നേതാവ് പറഞ്ഞപ്പോള്‍ വിവാഹ പ്രായം കുറച്ച് നിയമം കൊണ്ടുവരാന്‍ ജില്ലാ പഞ്ചായത്തിന് സാധിക്കില്ല എന്നെങ്കിലും പറയാന്‍ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത നേതാവിന് സാധിക്കാതെ പോയത് എന്തുകൊണ്ട്?
ഇതിന് ഉത്തരം പറയേണ്ടത് മാനനീയ എ കെ ആന്റണിജിയാണ്. അടുത്ത കാലത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയം നേരിട്ടപ്പോഴൊക്കെ അന്വേഷണക്കമ്മീഷനാകുകയും പാര്‍ട്ടിയിലെ ‘മൂന്നണ’ അംഗത്തിന് പോലും ദഹിക്കാത്ത വിധത്തില്‍ കാരണങ്ങള്‍ നിരത്തുകയും ചെയ്ത മഹദ്‌സാന്നിധ്യമാണ് അദ്ദേഹം. ആര്‍ക്കും ദഹിക്കാനിടയില്ല എന്നതുകൊണ്ടാകണം അന്വേഷണ റിപോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുകയോ പാര്‍ട്ടി അംഗങ്ങളിലേക്ക് പ്രസരിപ്പിക്കുകയോ ചെയ്യാന്‍ എ ഐ സി സി നേതൃത്വം മെനക്കെടാതിരുന്നത്. ഇത്തരം കാരണങ്ങളേ നിരത്താനിടയുള്ളൂ എന്ന തിരിച്ചറിവിലാകണം, 2014ലെ കൊടിയ തോല്‍വിയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ എ കെ ആന്റണിയെ തന്നെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. രണ്ട് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയ ആന്റണി കമ്മിറ്റി, മൂന്നാം മാസം റിപോര്‍ട്ട് സമര്‍പ്പിച്ച് കൃതകൃത്യതക്കുള്ള പ്രത്യേക അഭിനന്ദനം വാങ്ങിയെടുത്തു. ഈ റിപോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല, പരസ്യപ്പെടുത്തുമെന്ന് തോന്നുന്നുമില്ല. അതുകൊണ്ട് തന്നെ ചോര്‍ന്നുകിട്ടിയ വിവരങ്ങളെ ആശ്രയിക്കുക മാത്രമേ കരണീയമായുള്ളൂ.
യു പി എ സര്‍ക്കാറും കോണ്‍ഗ്രസ് പാര്‍ട്ടിയും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുവെന്നും അത് ഭൂരിപക്ഷ സമുദായത്തെ ബി ജെ പിക്ക് (നരേന്ദ്ര മോദിക്ക്) അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ആന്റണി കമ്മിറ്റിയുടെ പ്രധാന കണ്ടെത്തല്‍. ന്യൂനപക്ഷത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിച്ചതുമില്ലെന്ന് അതേ ശ്വാസത്തില്‍ കമ്മിറ്റി പറഞ്ഞുവെക്കുന്നു. യു പി എ സര്‍ക്കാറും കോണ്‍ഗ്രസ് പാര്‍ട്ടിയും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന ആക്ഷേപം സംഘ് പരിവാരം (നരേന്ദ്ര മോദി) രാജ്യത്താകെ ഉന്നയിച്ചപ്പോള്‍ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ എ കെ ആന്റണിയടക്കമുള്ള നേതാക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് യഥാര്‍ഥ വസ്തുത. കാശ്മീരിലെ പണ്ഡിറ്റുകള്‍ക്കായി പ്രഖ്യാപിച്ച 1,600 കോടിയുടെ പാക്കേജിനെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കുന്നില്ല എന്നത് അതിന്റെ ചെറിയ ഉദാഹരണം മാത്രം.
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ സവിശേഷമായി ശ്രദ്ധിച്ച് നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതികളും രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിച്ച ഉപ സംവരണവുമാണ് പ്രീണനത്തിന്റെ വലിയ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയവയില്‍ പ്രധാനം മദ്‌റസാ നവീകരണമാണ്, അത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കന്നി ബജറ്റിലും ഇടം പിടിച്ചിട്ടുണ്ട്. മറ്റൊന്ന് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ ജില്ലകള്‍ക്കായി പ്രഖ്യാപിച്ച ബഹുതല വികസന പദ്ധതികളാണ്. ഈ പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനമുണ്ടാകുമെന്ന ചെറിയ കാര്യം ബോധ്യപ്പെടുത്താന്‍ പോലും കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് യഥാര്‍ഥ പരാജയം. സാമൂഹിക, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംവരണമെന്ന് ബോധ്യപ്പെടുത്താനും സര്‍ക്കാറിനും പാര്‍ട്ടിക്കും സാധിച്ചില്ല.
ഈ ബോധ്യപ്പെടുത്തല്‍ സാധിക്കണമെങ്കില്‍ ജനങ്ങളുമായി ബന്ധമുള്ള നേതാക്കളുണ്ടാകണം, കോണ്‍ഗ്രസെന്ന വലിയ പാര്‍ട്ടിക്ക് രാജ്യത്തെല്ലായിടത്തേക്കും പ്രവഹിക്കാന്‍ സാധിക്കും വിധത്തിലുള്ള ധമനികളുണ്ടാകണം. ബീഹാറില്‍ അതില്ലാതായിട്ട് രണ്ട് ദശകമെങ്കിലുമായി. ഉത്തര്‍ പ്രദേശിലെ സ്ഥിതി പരിതാപകരമാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ നേട്ടം കോണ്‍ഗ്രസിന് ഉണ്ടായിട്ട് കൂടി ഉത്തര്‍പ്രദേശിലെ സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ശ്രമിച്ചതായി അറിവില്ല. അത്തരം ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ നിയോഗിക്കപ്പെട്ടത് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം ബീഹാറില്‍ തുടര്‍ച്ചയായി കാണിച്ച മണ്ടത്തരങ്ങള്‍ ആന്റണി കമ്മിറ്റി മനഃപൂര്‍വം കാണാതിരിക്കും. ഉത്തര്‍ പ്രദേശിലും ഭിന്നമല്ല. ഭട്ടാപര്‍സുല്‍ മാത്രം മതി ഉദാഹരണത്തിന്. ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്ത ജനങ്ങളെ പോലീസ് തല്ലുകയും സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ചെയ്തപ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളൊക്കെ ലംഘിച്ച്, ബൈക്കിന് പിറകില്‍ സഞ്ചരിച്ച് സ്ഥലത്തെത്തിയിരുന്നു രാഹുല്‍ ഗാന്ധി. അതിനുശേഷം ഉത്തര്‍ പ്രദേശിലെ ഈ ഗ്രാമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്തെങ്കിലും ചെയ്യാനായോ? അവിടുത്തെ ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടാന്‍ സാധിച്ചോ എ ഐ സി സിയുടെ വൈസ് പ്രസിഡന്റിന്?
ഇരകളാക്കപ്പെടുന്നവരുടെ വേദനകളെ അവഗണിച്ചും വികസന പദ്ധതികളുമായി മുന്നോട്ടുപോകണമെന്ന നയം സ്വീകരിക്കുന്ന പാര്‍ട്ടിക്ക് ഒരിക്കലും അത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമെന്ന് പ്രഖ്യാപിക്കുകയും സാധാരണക്കാരെ പുറംതള്ളുന്ന പദ്ധതികളുമായി മുന്നോട്ടുപോകുകയും ചെയ്ത കോണ്‍ഗ്രസും യു പി എയും വലിയ പരാജയം പ്രതീക്ഷിച്ചിരുന്നു. സഹസ്ര കോടികളുടെ അഴിമതി ആരോപണം ആ പരാജയത്തിന് ആക്കം കൂട്ടുകയും ചെയ്തു. അത് മനസ്സിലാക്കാന്‍ വലിയ തെളിവെടുപ്പിന്റെയൊന്നും ആവശ്യമില്ല തന്നെ. ഇനിയൊരു തിരിച്ചുവരവ്, അത് എത്രത്തോളം അസാധ്യമെന്ന് ആന്റണിക്കും സമശീര്‍ഷരായ മറ്റ് നേതാക്കള്‍ക്കും മാത്രമേ മനസ്സിലാകാത്തതുള്ളൂ, ഉണ്ടാകണമെങ്കില്‍ ഇക്കാലം വരെ സ്വീകരിച്ച നയനിലപാടുകളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് ആവശ്യം. അത് നടക്കണമെങ്കില്‍, പാര്‍ട്ടിയോടും ജനങ്ങളോടും കൂറുള്ള പുതിയ നേതൃനിര ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരമൊരു നേതൃനിരയെക്കുറിച്ച് ആന്റണിയെപ്പോലുള്ള നേതാക്കള്‍ ആലോചിക്കുന്നുണ്ടാകില്ല. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഇവരാരും ശ്രമിച്ചതായി അറിവില്ല. പിതാവ് ആനപ്പുറത്തിരുന്നിരുന്നുവെന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ സ്ഥാനലബ്ധിയുണ്ടായിട്ടുള്ളൂ.
ധമനികള്‍ നശിച്ച് ചോരയോട്ടം നിലച്ചതോടെ സംഘടനയുടെ അംഗങ്ങള്‍ക്ക് വൈകല്യമുണ്ടായിരിക്കുന്നു. ചോരയോട്ടമുള്ള ധമനികളില്‍ തടസ്സങ്ങളുണ്ടാക്കാന്‍ പാകത്തില്‍ നേതൃത്വം തീരുമാനങ്ങളെടുക്കുന്നു. എല്‍ ഡി എഫിന്റെ അഞ്ച് വര്‍ഷത്തെ ഭരണം യു ഡി എഫിന് അധികാരം സമ്മാനിക്കുമെന്ന കേരളത്തിലെ അനുഭവം ദേശീയതലത്തിലുമുണ്ടാകുമെന്ന മുഢ സ്വര്‍ഗത്തിലാണ് ആന്റണിയെന്ന് തോന്നുന്നു. അതുകൊണ്ടാണ് തോല്‍വിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപോര്‍ട്ട് തിരുത്തലുകള്‍ നിര്‍ദേശിക്കാതെ, നേതൃത്വത്തെ പ്രീണിപ്പിക്കും വിധത്തില്‍ തയ്യാറാക്കപ്പെടുന്നത്. അല്ലെങ്കില്‍ സംഘടനയുടെ അവസാന നേതൃശ്രേണി എന്ന യശസ്സ്, തങ്ങള്‍ക്കിരിക്കട്ടെ എന്ന സ്വാര്‍ഥബുദ്ധിയോടെയുമാകാം. കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളാര് എന്നത് പോലെ അവസാന നേതാക്കളാര് എന്നൊരു ചോദ്യം ഭാവിയിലെ പൊതുപരീക്ഷകളിലുണ്ടായാല്‍ ഉത്തരമായി ജീവിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ!
ഇവ്വിധം അന്വേഷിക്കാനും റിപോര്‍ട്ട് തയ്യാറാക്കാനും അത് പരസ്യപ്പെടുത്താതിരിക്കാനും വിവരങ്ങള്‍ ചോര്‍ത്തിനല്‍കാനുമൊക്കെ, വിശാലമായ ജനാധിപത്യം നിലനില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവകാശമുണ്ടെന്നതില്‍ തര്‍ക്കമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി തുടങ്ങിയ അടവ്, ന്യൂനപക്ഷ പ്രീണനമെന്ന തോന്നലുണ്ടാക്കി എന്നും അത് ഭൂരിപക്ഷത്തില്‍ ഏകീകരണമുണ്ടാക്കിയെന്നും എഴുതിവെക്കുമ്പോള്‍, ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ ഏത് അടവും പയറ്റുന്ന സംഘ് പരിവാരത്തിനും നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ടിനും ഏതളവില്‍ സഹായകമാകുമെന്ന ചെറിയ രാഷ്ട്രീയ ചിന്തയെങ്കിലുമുണ്ടാകേണ്ടിയിരുന്നു എ കെ ആന്റണിക്ക്. ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിന് മേല്‍ക്കൈ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ പരാമര്‍ശങ്ങളെ ഏത് വിധത്തിലാണ് ഉപയോഗിക്കുക എന്ന് ആന്റണി ചിന്തിച്ചിരുന്നുവെങ്കില്‍ കോണ്‍ഗ്രസുണ്ടായാലും ഇല്ലെങ്കിലും ഇന്ത്യന്‍ യൂനിയന് ഗുണം ചെയ്‌തേനേ…