Connect with us

Gulf

പ്രവാസികള്‍ക്ക് പെന്‍ഷന്‍ വിതരണം

Published

|

Last Updated

അബുദാബി: കേരളത്തിലെ പ്രവാസികള്‍ക്കുളള ക്ഷേമ പെന്‍ഷന്‍ വിതരണം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. അഞ്ചു വര്‍ഷം മുന്‍പാണു നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്.
ആദ്യമായാണ് കേരളത്തില്‍ നിന്നുളള പ്രവാസികള്‍ക്കുളള പദ്ധതിയില്‍ നിന്നും ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. 2009 ജൂണില്‍ അംഗങ്ങളായി അഞ്ചു വര്‍ഷം അംശാദായം അടച്ചവര്‍ക്കാണു തുടക്കത്തില്‍ പെന്‍ഷന്‍ ലഭിക്കുക. എസ് ബി ടി ബേങ്ക് മുഖേനയാണ് പെന്‍ഷന്‍ വിതരണം.
പ്രവാസി പെന്‍ഷന്റെ വിതരണോദ്ഘാടനം സെപ്റ്റംബര്‍ ഒന്നിനു കോഴിക്കോട് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പ്രവാസ ജീവിതം നയിച്ചു നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് 500 രൂപയാണു പെന്‍ഷനായി ലഭിക്കുക. 100 രൂപ വീതം അംശാദായം അടച്ചവര്‍ക്ക് 500 രൂപയും 300 രൂപ അംശാദായം അടച്ചവര്‍ക്ക് 1000 രൂപയും പെന്‍ഷനായി ലഭിക്കും. പ്രവാസി ക്ഷേമ പെന്‍ഷനില്‍ വൈകാതെ വര്‍ധന ഉണ്ടായേക്കും. അഞ്ച് വര്‍ഷം അംശാദായം അടച്ചം 60 വയസ്സ് പൂര്‍ത്തിയായ 50 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പെന്‍ഷന്‍ നല്‍കുന്നത്.
30 ലക്ഷത്തിലേറെ പ്രവാസികളുണ്ടെങ്കിലും വിദേശത്തുള്ളവരും നാട്ടില്‍ തിരിച്ചെത്തിയവരുമായി 1.25 ലക്ഷം പേരാണു ഇതിനകം ക്ഷേമപദ്ധതിയില്‍ അംഗങ്ങളായത്. പല കാരണങ്ങളാല്‍ ജോലി നഷ്ടമായി തിരിച്ചെത്തിയവര്‍ക്ക് പ്രത്യേക പാക്കേജുകള്‍ക്ക് രൂപം നല്‍കുമെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് അറിയിച്ചു. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വാഹനലോണെടുക്കാന്‍ 20 ലക്ഷം വരെ ധനസഹായം നല്‍കുന്നുണ്ട്. പെന്‍ഷന്‍ തുക കൂട്ടുമ്പോള്‍ അംശാദായത്തിലും വര്‍ധന ഉണ്ടാകും.
അഞ്ചു വര്‍ഷമെങ്കിലും അംശാദായം അടച്ച 60 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കാണു പെന്‍ഷന് അര്‍ഹതയുള്ളത്. പെന്‍ഷനു പുറമെ വിവാഹ ധനസഹായം, ചികില്‍സാ സഹായം, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം തുടങ്ങിയ ക്ഷേമ പദ്ധതികളും പ്രവാസി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്നുണ്ട്

 

---- facebook comment plugin here -----

Latest