Connect with us

National

ജ്ഞാനപീഠ ജേതാവ്‌ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

Published

|

Last Updated

ബംഗളൂരു: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

ആശുപത്രി അധികൃതര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചതായി വാര്‍ത്താ എജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയോടെ അനന്തമൂര്‍ത്തി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇത് തെറ്റാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഷിമോഗ ജില്ലയിലെ തിര്‍ത്തഹള്ളി താലൂക്കില്‍ 1932 ഡിസംബര്‍ 21 നാണ് അനന്തമൂര്‍ത്തിയുടെ ജനനം. 1994ല്‍ കന്നഡ സാഹിത്യരംഗത്ത സമഗ്ര സംഭാവനയക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കന്നടയില്‍ നിന്നും ജ്ഞാനപീഠം നേടിയ 7 പേരില്‍ ആറാമന്‍ ആണ് അദ്ദേഹം. 1998ല്‍ രാജ്യം അദ്ദേഹത്തെ പത്്മഭൂഷണ്‍ നല്‍കി ആദരിച്ചു.

കന്നഡ സാഹിത്യത്തിന് പുതുവഴി തുറന്നുനല്‍കിയ സാഹിത്യകാരനായിരുന്നു അനന്തമൂര്‍ത്തി. സംസ്‌കാര, ഭാരതീപുത്ര, ഘടശ്രാദ്ധ എന്നിവയാണ് പ്രധാന കൃതികള്‍. കേരളം രൂപീകരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ കമ്മീഷന്‍, നാഷണല്‍ ബുക് ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാഡമി എന്നിവയുടെ അധ്യക്ഷനായിരുന്നു. എം.ജി. യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസി ആയിരുന്നു. കര്‍ണാട സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇത് അദ്ദേഹത്തിന് സുരക്ഷാ പ്രശ്‌നം വരെ ഉണ്ടാക്കി. എന്നാല്‍ പിന്നീട് അദ്ദേഹം നിലപാട് തിരുത്തുകയും ചെയ്തു.