‘ബലാല്‍സംഗം ചെറിയ സംഭവം’: അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശം വിവാദമാവുന്നു

Posted on: August 22, 2014 1:53 pm | Last updated: August 23, 2014 at 12:53 am

JAITLYന്യൂഡല്‍ഹി: ബലാല്‍സംഗത്തെ ഒരു ചെറിയ സംഭവമായി വിശേഷിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പരാമര്‍ശം വിവാദമാവുന്നു. ടൂറിസം മന്ത്രിമാരുടെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജയ്റ്റ്‌ലിയുടെ വിവാദ പരാമര്‍ശം. ‘ചെറിയ ഒരു ബലാല്‍സംഗം’ നടക്കുമ്പോഴേക്കും അത് ലോകമെമ്പാടും വാര്‍ത്തയായി ഇന്ത്യയുടെ ബില്ല്യണ്‍ കണക്കിന് ഡോളറിന്റെ ടൂറിസം നികുതി നഷ്ടമാവുന്നു എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം.

2013ലെ ഡല്‍ഹി കൂട്ടബലാല്‍സംഗത്തെയാണ് മന്ത്രി ചെറിയ സംഭവമെന്ന് വിശേഷിപ്പിച്ചതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മയും കോണ്‍ഗ്രസ് നേതാക്കളും ജെയ്റ്റ്‌ലിക്കെതിരെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും വിമര്‍ശനമുയര്‍ന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ചല്ല തന്റെ പരാമര്‍ശമെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു.