Connect with us

International

വിമത ഭീഷണി വകവെക്കാതെ ഇറാഖില്‍ യു എസ് ആക്രമണം ശക്തമാക്കി

Published

|

Last Updated

ബഗ്ദാദ്/ വാഷിംഗ്ടണ്‍: ആക്രമണം തുടര്‍ന്നാല്‍ രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനെയും കൊല്ലുമെന്ന ഭീഷണി വകവെക്കാതെ വടക്കന്‍ ഇറാഖില്‍ ഇസില്‍ വിമതര്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. മൂസ്വില്‍ നഗരത്തിന് സമീപം വിമതരെ നേരിടുന്ന കുര്‍ദ്, ഇറാഖ് സൈനികരെ സഹായിക്കുന്ന തരത്തിലാണ് അമേരിക്കന്‍ നേവി പോരാളികളും ആളില്ലാ വിമാനങ്ങളും ആക്രമണം നടത്തുന്നത്. 2012ല്‍ പിടികൂടിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ വധിക്കുന്ന വീഡിയോ ഇസില്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു.
വീഡിയോ പരസ്യപ്പെടുത്തിയതിന് ശേഷം മൂസ്വില്‍ അണക്കെട്ടിന് സമീപം വിമതരെ ലക്ഷ്യമിട്ട് 14 തവണ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. വിമതരുടെ വാഹനങ്ങളും മറ്റ് കേന്ദ്രങ്ങളും വിജയകരമായി ഇല്ലാതാക്കിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. മേഖലയില്‍ ഇറാഖി, കുര്‍ദ് സൈനികര്‍ക്ക് വിമതര്‍ക്കെതിരെ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം വിമതര്‍ കൊലപ്പെടുത്തിയ ജെയിംസ് ഫോളി അടക്കമുള്ളവരെ രക്ഷപ്പെടുത്താന്‍ ഈയടുത്ത് ശ്രമിച്ചിരുന്നതായി പെന്റഗണ്‍ അറിയിച്ചു. കര, ആകാശ മാര്‍ഗങ്ങളിലുള്ള ദൗത്യമായിരുന്നെങ്കിലും, ലക്ഷ്യസ്ഥലത്ത് ബന്ദികള്‍ ഇല്ലാതിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഇതാദ്യമായാണ്, 2011ല്‍ സിറിയയില്‍ ആഭ്യന്തര കലാപം ആരംഭിച്ചതിന് ശേഷം സൈന്യം നേരിട്ട് ഇടപെട്ടതായി അമേരിക്ക അറിയിക്കുന്നത്. വടക്കന്‍ മേഖലയിലെ എണ്ണ ശുദ്ധീകരണ ശാല കേന്ദ്രമാക്കിയായിരുന്നു രക്ഷാദൗത്യമെന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ യു എസ് നടത്തുന്ന വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഫോളിയെ വധിച്ചതെന്നാണ് “അമേരിക്കക്ക് ഒരു സന്ദേശം” എന്ന വീഡിയോയില്‍ പറയുന്നത്. വീഡിയോയുടെ ആധികാരികത എഫ് ബി ഐ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അടുത്ത നീക്കത്തെ അവലംബിച്ചിരിക്കും, കസ്റ്റഡിയിലുള്ള മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെന്ന് വിമതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest