Connect with us

Articles

അറബി സാഹിത്യത്തിലെ അസാമാന്യ പ്രതിഭ

Published

|

Last Updated

കാലങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരന്ന് എന്നും എവിടെയും അതിജയിച്ചു നില്‍ക്കാന്‍ കെല്‍പുള്ള കവിതകള്‍ പ്രദാനിച്ച് കേരളീയ അറബി സാഹിത്യത്തെ സമ്പന്നമാക്കി സുന്നി കൈരളിക്ക് ഒരുപാട് അഭിമാനങ്ങള്‍ സമ്മാനിച്ച് തിരൂരങ്ങാടി ബാപ്പു ഉസ്താദ് യാത്രയായി. സര്‍ഗസിദ്ധി കൊണ്ട് സാഹിത്യ ആസ്വാദകരുടെയും പ്രവാചക പ്രേമികളുടെയും മനം കവര്‍ന്ന പണ്ഡിത ശ്രേഷ്ഠന്‍. കവിത അവിടുത്തെ ജീവിതമായിരുന്നു.

കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ഗുരുവാണ് തന്റെ ശിഷ്യനിലെ കവിയെ കണ്ടെത്തിയതും സാര്‍ഥകമായ വീഥികളിലേക്ക് വഴിനടത്തിയതും. ആ പ്രചോദനത്തിന്റെ തണലില്‍ ആ തൂലികയില്‍ നിന്ന് ഒരുപാട് കവിതകള്‍ പെയ്തു. ആര്‍ക്കൊക്കെയെന്നോ എത്രയെന്നോ എപ്പോഴൊക്കെയെന്നോ ഒന്നുമറിയാതെ ഒരു പ്രവാഹമായി അത് ഒഴുകിപ്പരന്നു; നബിദിനാഘോഷങ്ങളിലെ പ്രകീര്‍ത്തന ശീലുകളായി, വിവാഹ സുദിനങ്ങളിലെ മംഗള ഗാനമായി, മഹാ സമ്മേളനങ്ങളിലെ സ്വാഗത ഗീതമായി, അനുശോചന വേദികളിലെ വിലാപ കാവ്യമായി…
ആ മഹാ ഗുരുവിന്റെ കവിതകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ഭാഷാ സര്‍വകലാശാലയായ ഹൈദരാബാദിലെ ഇഗ്ലീഷ് ആന്റ് ഫോറിന്‍ ലാങ്‌ഗ്വേജ് യൂനിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ചെയ്യാന്‍ ഈ വിനീതന് അനുവദിക്കപ്പെട്ട വിഷയം. ആ പ്രതിഭാത്വത്തിന്റെ ആഴം നമ്മുടെ ദേശീയ യൂനിവേഴ്സ്റ്റികള്‍ മനസ്സിലാക്കി. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ബാപ്പു ഉസ്താദിന്റെ മര്‍സിയ്യതുകളെ കുറിച്ചു മാത്രം പഠനം നടന്നുകഴിഞ്ഞു. കേരളത്തിലെ അറബി കവിയെ കുറിച്ച് അദ്ദേഹത്തിന്റെ ജീവിത കാലത്ത് നടത്തിയ ആദ്യത്തെ സര്‍വകലാശാലാ തിസീസ് ആയിരിക്കുമത്. സര്‍വകലാശാലാ തലത്തില്‍ ഗവേഷണ സ്വഭാവത്തോടു കൂടെ ആവര്‍ത്തിച്ചു പഠനം നടക്കുന്ന ആദ്യത്തെ കേരളീയ അറബീ കവിയും ബാപ്പു ഉസ്താദാകാനാണ് സാധ്യത. കേരളത്തിലെ അറബീ സാഹിത്യവുമായി ബന്ധപ്പെട്ട് ഈയടുത്ത് സംഘടിപ്പിച്ച പല ദേശീയ സെമിനാറുകളിലും അബുല്‍ ഫള്ല്‍ തിരന്‍ഖാലി (ബാപ്പു ഉസ്താദ്) താരമായി..
സ്വന്തം സാമ്രാജ്യത്തില്‍ സ്വര്‍ഗം പണിത് മനുഷ്യരെ അറിയാതെ പുസ്തകപ്പുഴുവായി ജീവിച്ച അന്തര്‍മുഖനായ സാഹിത്യകാരനായിരുന്നില്ല ഉസ്താദ്. അദമ്യമായ സ്‌നേഹവും വിസ്മയകരമായ വിനയവും സരസമായ തമാശകളും സമൃധമായ സദ്യയും പരന്ന ജ്ഞാനവും കൊണ്ട് വിശാലമായ സ്‌നേഹവലയം സൃഷ്ടിച്ച സര്‍ഗ പ്രതിഭയായ പണ്ഡിത ജ്യോതിസ്സായിരുന്നു. മുതഅല്ലിമുകളോട് ഏറെ പിരിശമായിരുന്നു. പ്രത്യേകിച്ചും ശിഷ്യന്മാരോട്. എപ്പോഴും ആരെങ്കിലുമൊക്കെ വീട്ടിലുണ്ടാകും. മസ്അലകള്‍ പറഞ്ഞും ബൈത്തുകള്‍ ചൊല്ലിയും കവിതകളുണ്ടാക്കിയും കിതാബുകള്‍ ചര്‍ച്ചചെയ്തും ആ സൗഹൃദ കൂട്ടായ്മ വളര്‍ന്നു വികസിച്ചു. കൂടുതല്‍ വാചാലനായില്ല. ജാടകള്‍ തീരെയില്ല, ഗിരിപ്രഭാഷണങ്ങളറിയില്ല, മുന്‍നിരകളിലേക്ക് വന്നില്ല, ഒളിഞ്ഞിരുന്ന് വിപ്ലവം സൃഷ്ടിച്ചു.
ഇശ്ഖ് വിഴിഞ്ഞൊഴുകുന്ന ഒരു കുഞ്ഞു ഹൃദയമായിരുന്നു ഉസ്താദിന്റേത്. അതുകൊണ്ടുതന്നെ തന്റെ കവിതകളില്‍ ഏറ്റവും ഹൃദയഹാരിയായത് പ്രവാചക പ്രകീര്‍ത്തനങ്ങളാണ്. ഒട്ടേറെ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ ഉസ്താദ് രചിച്ചിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അബൂ ഹനീഫ (റ) രചിച്ച പ്രവാചക പ്രകീര്‍ത്തന കാവ്യമായ അല്‍ ഖസ്വീദത്തുന്നുഅ്മാനിയ്യക്ക് ബാപ്പു ഉസ്താദ് രചിച്ച തഖ്മീസാണ്. ക്ലാസിക്കല്‍ കവികളുടെ ശൈലിയിലാണ് കവി തുടങ്ങുന്നത്.
അല്ലാഹുവാണ, നിങ്ങളാക്ഷേപിക്കും പോല്‍
നിങ്ങളിലില്ലാ സല്‍മ, കേള്‍ക്കുവിന്‍, മാന്‍ പേടകള്‍
ലൈലയും നിസ്സംശയം, അല്ലാഹു സത്യം നിങ്ങള്‍
-ക്കില്ലൊരു ഗണനയും എന്‍ കയ്യിലൊരിക്കലും
ഒരു പറ്റം സുന്ദരികളുടെ അരികിലൂടെ കവി സാങ്കല്‍പികമായി നടന്നു പോവുകയാണ്. അവരെ മാന്‍പേടകളോടാണ് സാദൃശ്യപ്പെടുത്തുന്നത്. അറബി- ഇംഗ്ലീഷ് കവിതകളില്‍ ഈ ആലങ്കാരികത സുലഭമായി കാണാം.
“അല്ലാഹുവാണെ, സ്രഷ്ടാക്കളില്‍ ശ്രേഷ്ഠരേ
എന്നിലു-
ണ്ടങ്ങയെ മാത്രം കൊതിച്ചിടും മാനസം”
എന്ന ഇമാം അബൂഹനീഫ(റ)യുടെ ഖസീദതുന്നുഅ്മാനിയ്യയിലെ വരികള്‍ക്ക് പൊന്നാടയണിച്ചാണ് ലൈലയെയും മാന്‍ പേടകളെയും കളിയാക്കി ഈ കവി സ്‌നേഹം പാടുന്നത്.
ഇവിടെ പക്ഷേ, കവി ഈ സുന്ദരികളെ മാന്‍ പേടകളേ എന്നാണ് വിളിക്കുന്നത് തന്നെ.
നിങ്ങളാക്ഷേപിക്കുന്നത് പോലെ, നിങ്ങളുടെ കൂട്ടത്തില്‍ എനിക്ക് ഒരു സല്‍മയും ലൈലയുമില്ല എന്ന് പറയുമ്പോള്‍ മാത്രമാണ്, കൂട്ടത്തില്‍ ഏറ്റവും സുന്ദരികളുടെ പേര് പറഞ്ഞ് തന്നെ കളിയാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീകളെയാണ് കവി സംബോധനം ചെയ്യുന്നതെന്ന് ആസ്വാദനകന് പിടികിട്ടുന്നത്. ഏറ്റവും പ്രസക്തമായിട്ടുള്ളത് പ്രേമഭാജനത്തിന്റെ പ്രതീകമായി കാലങ്ങളായി കവികളും(കവിതന്നെയും) സാഹിത്യകാരന്മാരും ഉപയോഗിച്ച ലൈലയെ തിരു നബിയുടെ ഒരു പ്രതീകമായി ഉപയോഗപ്പെടുത്തുന്നതിന് പകരം പ്രതിയാക്കുകയാണ് കരണീയമെന്ന ബോധം ഈ കവിതയിലെ ഒരു സമരമാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം ആസക്തിയുടെ വലകള്‍ വിരിച്ച് കൊഞ്ചിയും കുണുങ്ങിയും തന്നെ മോഹിപ്പിക്കുന്ന ഭൗതികതയുടെ മുഴുവന്‍ ലൈലമാരെയും കവി നിരാകരിക്കുകയാണ് ചെയ്യുന്നത് എന്നാണ്. എന്റെ പ്രേമാതുരമായ മനസ്സിന് മുമ്പില്‍ അധിനിവേശത്തിന്റെ മോഹവലകള്‍ സ്വയം ഇളിഭ്യരാകാം എന്ന് പ്രഘോഷിക്കുകയാണ് കവി. മാംസ വിപണനങ്ങള്‍ ദര്‍ശനങ്ങള്‍ ചമക്കുകയും പ്രണയങ്ങള്‍ കമ്പോളവത്കരിക്കുകയും പ്രേമ കാവ്യങ്ങള്‍ക്ക് വ്യാകരണങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്യുന്ന ആധുനികതയെ ആത്മീയതയുടെ ഉള്‍ക്കരുത്ത് കാട്ടി കവി പരിഹസിക്കുകയാണ്.
ഇതേ ആശയമാണ് ഈ തിരുനബി പ്രേമിയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആസക്തിയെയും അതിന്റെ മധുരം പുരട്ടിയ ഉപകരണങ്ങളെയും ചിഹ്നങ്ങളെയും വിസമ്മതിച്ച് കൊണ്ട് ഇമാം അബൂഹനീഫയുടെ വരികള്‍ക്ക് മറ്റൊരിടത്ത് ആമുഖം പറഞ്ഞത് ഇങ്ങനെ:
മഅ്ബദിന്റെ മകളെയും ഖുര്‍റദിലെ ഉനൈസയെ
യും ആര്‍ക്കു വേണം ?
അവരെയോര്‍ത്ത് ഞാന്‍ നേരം കളയുന്നില്ല.
പ്രത്യുത എന്റെ ആത്മാവ് മുഴുവനും മുഹമ്മദില്‍
നിമഗ്നമായിരിക്കുന്നു
നേതാവേ, അങ്ങയില്‍ വിലയിച്ച ഒരു കുഞ്ഞി ഹൃ
ദയമെനിക്കുണ്ട്;
അങ്ങയോടുള്ള പ്രേമം നിറഞ്ഞ് നില്‍ക്കുന്ന ജീവ
ന്റെ തുടിപ്പും
എന്ന അബൂ ഹനീഫ(റ)യുടെ വരികള്‍ക്ക് ആമുഖമെന്നോണം ജാഹിലിയ്യതിന്റെ രാജകുമാരികളെ ഞാന്‍ വിസമ്മതിക്കുകയും തിരുനബിയെ അണച്ചുപിടിക്കുകയും ചെയ്യുന്നുവെന്ന് ആണയിട്ട് പാടുമ്പോള്‍ അഭിനവ ജാഹിലിയ്യത്തിന്റെ പരസ്യപാത്രങ്ങളെ കൂടി കുടഞ്ഞെറിയുകയാണ് കവി.
ഇംറുല്‍ ഖൈസിന്റെ ബിംബങ്ങളും ബൂസ്വീരിയുടെ പ്രമേയവും ശൗഖിയുടെ ലാളിത്യവും ഈ മലബാരിയുടെ കവിതയില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ബാപ്പു മുസ്‌ലിയാരുടെ തഖ്മീസുകളുടെ ഒരു പ്രത്യേകത കവിയുടെ വികാരവും ഭാവവും ഭാഷയും ഒപ്പിയെടുത്ത് പൂര്‍വ കവിയോട് താദാത്മ്യപ്പെടാന്‍ കഴിയുന്നുവെന്നതാണ്. ആസ്വാദകര്‍ക്ക് അവിടെ രണ്ട് കവികളെ കാണാന്‍ കഴിയില്ല. പലരും ഈ കഴിവില്‍ അത്ഭുതം കൂറിയിട്ടുണ്ട്; തന്റെ ഗുരുവായ ഒ.കെ ഉസ്താദ് പോലും.
വേര്‍ഡ്‌സ്‌വര്‍ത്തിനെ പോലെ ലളിതമായ പദങ്ങളാണ് ഉപയോഗിക്കുന്നത്. പക്ഷേ, മില്‍ട്ടനെ പോലെ ഗൗരവമേറിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇംറുല്‍ഖൈസിന്റെ ചമല്‍ക്കാരങ്ങളും ബൂസ്വീരിയുടെ പ്രമേയവും കൈകാര്യം ചെയ്തിട്ടും ഒരു വിധ ഏച്ചുകൂട്ടലുമില്ലാതെ സ്വാഭാവികമായ ഒഴുക്കോടെ കവിത പെയ്യുന്നുവെന്നതാണ് ഈ കവിയെ വ്യതിരിക്തനാക്കുന്നത്. വികാരം അതില്‍ നിറഞ്ഞ് തുളുമ്പിയിട്ടുണ്ടാവും. ഒരു തിരുനബി പ്രേമിക്കും കണ്ണീരൊലിപ്പിക്കാതെ ആ കവിതകള്‍ ചൊല്ലിത്തീര്‍ക്കാനാകില്ല. സ്‌നേഹം പ്രതിഫലിപ്പിക്കാന്‍ ഇതിലപ്പുറം ഉപമകളുടെ ശക്തിയും പദങ്ങളുടെ ഗഹനതയുമാണ് ബൂസ്വീരീ കവിതകള്‍ക്ക് പകിട്ട് പകരുന്നതെങ്കില്‍ പദങ്ങളുടെ സാരള്യവും അവയുടെ സംഗീതാത്മകതയുമാണ് ബാപ്പു മുസ്‌ലിയാരുടെ കവിതകളുടെ ജീവന്‍ എന്ന് തോന്നുന്നു. പദങ്ങളുടെ അര്‍ഥം അറിയാത്തവര്‍ പോലും ആശയം ഗ്രഹിച്ചുപോകുന്നത്രയും വൈകാരികത ആ കവിതകള്‍ക്ക് ചേതന നല്‍കുന്നതായി കാണാം.
ആസ്വാദകരെ ത്രസിപ്പിക്കുന്ന ഒരു കടലാണ് ബാപ്പു മുസ്‌ലിയാരുടെ കവിതകള്‍.. ഇന്നും കുരുന്നുകളുടെ ചുണ്ടുകളിലും നബി സ്‌നേഹികളുടെ ഹൃത്തടങ്ങളിലും നബിദിന സമ്മേളന വേദികളിലും റാലികളിലും ഇസ്‌ലാമിക സ്ഥാപനങ്ങളിലും ഒഴുകിക്കൊണ്ടിരിക്കുന്ന പല കവിതകളുടേയും കര്‍തൃത്വം ആ കൈകളുടേതാണ്.
നിമിഷ കവിയെന്ന് സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്ന ഉസ്താദിന്റെ രചനകള്‍ കാച്ചിക്കുറുക്കിയ കാവ്യ സ്വരൂപങ്ങള്‍ക്കപ്പുറം സര്‍ഗ ചോദനയിലാണ്ട ആത്മാവിന്റെ സഹജമായ ആത്മപ്രകാശനങ്ങളാണ്. വിഷയങ്ങളുടെ പ്രമേയങ്ങളുടെയും രുചിഭേദങ്ങള്‍ക്കനുസൃതമായ വീര്യവും ഓജസ്സും ആ കവിതകളില്‍ സജീവമാകും. 40 വര്‍ഷത്തിലേറെ നീണ്ട തദ്‌രീസി( ഇസ്‌ലാമികാധ്യാപനം)നു മീതെ നിറം ചാര്‍ത്തുന്ന ഒരു മഴവില്‍ ഗോപുരമായി ആ കവിതകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അത്‌കൊണ്ടാണ്. ഇശ്ഖ് മഴ പെയ്ത് കിളിര്‍ത്ത് പുഷ്പിച്ച വസന്തത്തിന്റെ സൗന്ദര്യമാണ് പുഞ്ചിരിച്ച് കിടക്കുന്ന ആ പൂമുഖത്ത് ഇപ്പോള്‍ കാണുന്നത്. അല്ലാഹ്…അവിടുത്തെ ആത്മാവിന് നീ ശാന്തി പകരേണമേ…. സന്തോഷം നല്‍കേണമേ…