നീതി നിഷേധത്തിനെതിരെ സുന്നി കോ-ഓര്‍ഡിനേഷന്‍ 28ന് എസ് പി ഓഫീസ് മാര്‍ച്ച് നടത്തും

Posted on: August 21, 2014 10:04 am | Last updated: August 21, 2014 at 10:04 am

ssf flagമലപ്പുറം: ജില്ലയില്‍ സമാധാനാന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പള്ളികളും മദ്‌റസകളും പിടിച്ചടക്കാന്‍ ചേളാരി വിഭാഗം നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയും ചെയ്യുന്ന പോലീസിന്റെയും ഭരണകൂടത്തിന്റെയും കിരാത നടപടികള്‍ക്കെതിരെ മലപ്പുറം എസ് പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
28ന് രാവിലെ 10ന് നടക്കുന്ന മാര്‍ച്ചില്‍ സമസ്ത കീഴ്ഘടകങ്ങളായ എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് സംഘടനകള്‍ പങ്കെടുക്കും. തച്ചണ്ണ, ഓമച്ചപ്പുഴ, വറ്റല്ലൂര്‍, പള്ളിക്കല്‍ ബസാര്‍, താനൂര്‍, എളങ്കൂര്‍, കൂട്ടാവില്‍, ചീക്കോട് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജരേഖ ചമച്ചും അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയും സുന്നികള്‍ക്കെതിരെ കള്ളക്കേസ് കൊടുത്തും നിരപരാധികളെ പീഡിപ്പിക്കുന്നതും സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.
വസ്തുതകള്‍ തെളിവു സഹിതം ഭരാണാധികാരികളെയും നിയമപാലകരെയും ബോധ്യപ്പെടുത്തിയിട്ടും നീതി നിഷേധം തുടരുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും സുന്നികള്‍ക്കെതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തി നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പോലീസും ഭരണകൂടവും തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് മാര്‍ച്ച്. മാര്‍ച്ചിന് മുന്നോടിയായി ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ജാഗ്രതാ സമ്മേളനങ്ങള്‍ നടക്കും.
എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, പുളിക്കല്‍, തേഞ്ഞിപ്പലം, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി എന്നീ സോണുകളില്‍ നടക്കുന്ന ജാഗ്രതാ സമ്മേളനങ്ങളില്‍ വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും.
മലപ്പുറം വാദി സലാമില്‍ ചേര്‍ന്ന സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, പ്രൊ. കെഎം എ റഹീം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹിമാന്‍ സഖാഫി, കെപിഎച്ച് തങ്ങള്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, അലവി ഫൈസി കൊടശ്ശേരി, അലവി സഖാഫി കൊളത്തൂര്‍, എ ശിഹാബുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി എന്നിവര്‍ പ്രസംഗിച്ചു.