Connect with us

Ongoing News

എബോള: കേരളത്തില്‍ വിമാനമിറങ്ങിയ 105 യാത്രക്കാര്‍ കര്‍ശന നിരീക്ഷണത്തില്‍

Published

|

Last Updated

തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വിമാനമിറങ്ങിയ 105 യാത്രക്കാര്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണ സംവിധാനത്തിന്‍ കീഴില്‍. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ പ്രകാരം 21 ദിവസം തുടര്‍ച്ചയായ നിരീക്ഷണത്തില്‍ ഇവര്‍ തുടരും. ഇതിനിടയില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ പ്രത്യേക സുരക്ഷിത സംവിധാനത്തിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പിനു കീഴില്‍ രൂപവത്കരിച്ച പ്രത്യേക സെല്ലിന്റെ തീരുമാനം.
ഈ 105 യാത്രക്കാരില്‍ ഭൂരിഭാഗവും എത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്. രണ്ടാമത് നെടുമ്പാശ്ശേരിയിലും. ഇവരെ അതതു ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ചിട്ടുള്ള പ്രത്യേക മെഡിക്കല്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ് അയച്ചിരിക്കുന്നത്. മെഡിക്കല്‍ സംഘം വിമാനത്താവളങ്ങളില്‍ പ്രാഥമിക നിരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് വിവിധ ജില്ലകളിലേക്ക് അയച്ചിരിക്കുന്നത്.
എബോള പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ സംയോജിത രോഗ നിരീക്ഷണ ( ഐ ഡി എസ് പി ) സംവിധാനമാണ്. മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള 353 യാത്രക്കാരാണ് ഇവരുടെ നിരീക്ഷണ പട്ടികയിലുള്ളത്. കേരളത്തിനു പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ വിദേശ യാത്രക്കാരും ഉള്‍പ്പെടുന്നു. ഈ യാത്രക്കാരെ 21 ദിവസം നിരീക്ഷിക്കാന്‍ മൂന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തില്‍ നിന്ന് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.