കൊച്ചി മെട്രോ: സ്ഥലം ഏറ്റെടുക്കല്‍: ഉത്തരവ് ഇന്നിറങ്ങും

Posted on: August 21, 2014 12:47 am | Last updated: August 21, 2014 at 12:47 am

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി കളമശ്ശേരിയില്‍ അപ്പോളോ ടയേര്‍സില്‍ നിന്നും ഏറ്റെടുക്കേണ്ട 0.61 ഹെക്ടര്‍ സ്ഥലം സംബന്ധിച്ച് തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കൊച്ചി മെട്രോ റെയില്‍ പദ്ധതി അവലോക യോഗത്തിനിടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തോടനുബന്ധിച്ചുള്ള സെന്റ് ആല്‍ബര്‍ട്‌സ് കോളജ് പാട്ടത്തിനെടുത്തിരിക്കുന്ന സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരമായി സെന്റ് ആല്‍ബര്‍ട്‌സ് കോളജിനും ജി സി ഡി എക്കും നഷ്ടപരിഹാരം നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. വിഷയം അടുത്ത മന്ത്രിസഭ ചര്‍ച്ച ചെയ്യും. ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കണം. തുടര്‍ന്ന് ഒരാഴ്ചക്കകം സര്‍ക്കാര്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തമാക്കും.
മെട്രോ നിര്‍മാണത്തിനായി ആലുവ മുനിസിപ്പാലിറ്റിയും കൊച്ചി കോര്‍പ്പറേഷനും നിര്‍ദേശിത സ്ഥലങ്ങള്‍ കൈമാറുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം നഷ്ടപരിഹാരം നല്‍കേണ്ടവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഒഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും കെ എം ആര്‍ എല്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനിക്കും. അതേസമയം സ്ഥലമേറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് നല്‍കുന്നതിനുള്ള നഷ്ടപരിഹാരം ജില്ലാ ഭരണകൂടം വഴി കെ എം ആര്‍ എല്‍ നേരിട്ട് നല്‍കണം.
വൈറ്റില-പേട്ട റോഡ് വീതികൂട്ടലും തമ്മനം പുല്ലേപ്പടി റോഡ് നിര്‍മാണത്തിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ആസൂത്രണം, പൊതുമരാമത്ത്, വൈദ്യുതി, റെയില്‍വേ, ധനമന്ത്രിമാരും മുഖ്യമന്ത്രിയുമുള്‍പ്പെടുന്ന യോഗം ഈ മാസം 28ന് വിളിച്ചു ചേര്‍ക്കും. നോര്‍ത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍ മന്ത്രാലയം നല്‍കാനുള്ള 30 കോടി രൂപ സംബന്ധിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഡി എം ആര്‍ സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ഇ ശ്രീധരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗതാഗതസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ കെ എം ആര്‍ എല്ലിന് 11 കോടി രൂപ ഉടന്‍ നല്‍കും. അടുത്തമാസം 16ന് രാവിലെ 8.30ന് മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും കൊച്ചി മെട്രോ റെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനും തുടര്‍ന്ന് 11 മണിക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ മന്ത്രിമാരായ കെ ബാബു, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, ഇബ്‌റാഹിം കുഞ്ഞ്, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, കെ എം ആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ്, പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി ഒ സൂരജ് , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.