കെ എസ് ഇ ബി: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍- ആര്യാടന്‍

Posted on: August 21, 2014 12:47 am | Last updated: August 21, 2014 at 12:47 am

aryadan-muhammedതിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പെന്‍ഷന്‍ പ്രായം 56 ആണ്. സംസ്ഥാന സര്‍ക്കാരും പൊതുമേഖലാ സ്ഥാപനവും തമ്മില്‍ റിട്ടയര്‍മെന്റ് സംബന്ധിച്ച് കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ആ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 58 ആക്കി നിശ്ചയിക്കാമെന്നാണ് നിലവിലെ നിയമം. കെ എസ് ഇ ബി യെ കമ്പനിയാക്കിയ സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കാവുന്നതാണ്. എന്നാല്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കാനുള്ള വൈദ്യുതി ഇടനാഴിക്കായി കേരളത്തിന്റെ അപേക്ഷ നിരാകരിച്ച പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ നിലപാടിനെതിരെ കേരളം കോടതിയില്‍ പോവുകയും അനുകൂലമായ വിധി നേടുകയും ചെയ്തത് ഗുണകരമാണ്. കേരളത്തിന്റെ അപേക്ഷ തള്ളുകയും കേരളത്തിന് ശേഷം അപേക്ഷിച്ച തമിഴ്‌നാടിന് ഇടനാഴി അനുവദിക്കുകയും ചെയ്ത നടപടിക്കെതിരെയാണ് സംസ്ഥാനം കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്.
സംസ്ഥാനത്തിന് ആവശ്യമുള്ള 3700 മെഗാവാട്ടിന്റെ സ്ഥാനത്ത് നിലവില്‍ ഉത്പാദിപ്പിക്കുന്നത് 1700 മെഗാവാട്ട് മാത്രമാണ്. നിലവിലെ കുറവ് പരിഹരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും 199 മെഗാവാട്ടിന്റെ പദ്ധതികള്‍ പ്രവര്‍ത്തനമധ്യത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജോസഫ് വാഴക്കന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍ ചന്ദ്രചൂഡന്‍നായര്‍, ചാള്‍സ് ഡയസ് സംസാരിച്ചു.