ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷ: പാക്കിസ്ഥാന്‍

Posted on: August 21, 2014 12:40 am | Last updated: August 21, 2014 at 12:40 am

ഇസ്‌ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കേണ്ടിയിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്‍മാറിയെങ്കിലും ബന്ധം ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനര്‍. നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോയത് ഇന്ത്യയിലെ പുതിയ സര്‍ക്കാറും പാക്കിസ്ഥാനുമായുള്ള ബന്ധത്തിന് തിരിച്ചടിയായെങ്കിലും ഇതിനെ അതിജീവിക്കാനാകുമെന്നും പാക് ഹൈക്കമ്മീഷനര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. ഹുര്‍റിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുമായും ജെ കെ എല്‍ എഫ് നേതാവ് യാസീന്‍ മാലികുമായും നടത്തിയ ചര്‍ച്ചകളെ ബാസിത് ന്യായീകരിച്ചു.
കാശ്മീരികളുമായി ചര്‍ച്ച നടത്താന്‍ ബാധ്യസ്ഥരാണ്. അതില്‍ തെറ്റൊന്നുമില്ല. പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകളാണ് ഇതുവഴി ആരായുന്നത്. ഇത്തരം ചര്‍ച്ച പുതിയ കാര്യമല്ല. മുമ്പും നടന്നിട്ടുണ്ട്. ചര്‍ച്ച ദീര്‍ഘകാല പ്രക്രിയയാണ്. ചര്‍ച്ച ആരുടെയും ഔദാര്യമല്ല. ഇന്ത്യയുമായുള്ള ബന്ധത്തെ പാക്കിസ്ഥാന്‍ വിലമതിക്കുന്നുണ്ട്. ഈ ബന്ധത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന ഒന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ല. കാശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഈ മാസം 25ന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടത്താന്‍ കഴിഞ്ഞ മാസമാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. അതിനിടെയാണ് ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള പാക് ഹൈക്കമ്മീഷനറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനുമായും വിഘടനവാദികളുമായും ഒരുമിച്ച് ചര്‍ച്ച സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. സെക്രട്ടറിതല ചര്‍ച്ച പ്രഖ്യാപിച്ചത് തന്നെ ശരിയായില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.