Connect with us

Ongoing News

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാര്‍ നയമല്ല: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഒരു വിദ്യാലയവും അടച്ചുപൂട്ടുന്നത് സര്‍ക്കാര്‍ നയമല്ലെന്നും സ്‌കൂളുകളുടെ നിലവാരമുയര്‍ത്തി വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പി കെ അബ്ദുര്‍റബ്ബ്. പൊതുവിദ്യാഭ്യാസ വകുപ്പ് എസ് എസ് എയുടെ സഹകരണത്തോടെ നടപ്പാക്കുന്ന “ഫോക്കസ്- 2015” വിദ്യാലയ മികവിനുള്ള കര്‍മപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 60 കുട്ടികളില്‍ കുറവുള്ള 3,523 എല്‍ പി സ്‌കൂളുകളുണ്ട്. അടുത്ത വര്‍ഷം കൊണ്ട് ഈ വിദ്യാലയങ്ങളില്‍ മിനിമം 60 വിദ്യാര്‍ഥികളാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഫോക്കസ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളുകളില്‍ ആവശ്യമായ ഭൗതിക സൗകര്യം നല്‍കുക, അധ്യാപകരുടെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുക, ഉച്ചഭക്ഷണം സംബന്ധിച്ച പോരായ്മകള്‍ പരിഹരിക്കുക തുടങ്ങി വിദ്യാലയ മികവിന് ആവശ്യമായ എല്ലാതരം പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതാണ് ഫോക്കസ് പദ്ധതി.
ഈ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവരുടെ എണ്ണം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പുരോഗതിയിലേക്ക് വരുമെന്നതിന് തെളിവാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളുകളിലെ പി.ടി.എകള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഇത് ഫോക്കസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും. മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ ടീച്ചര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട് പ്രസംഗിച്ചു.

Latest