ആണാട്: ഇത് ‘പാലാട്’

Posted on: August 20, 2014 10:35 pm | Last updated: August 20, 2014 at 10:35 pm

anad copyഅല്‍ ഐന്‍: പാല്‍ ചുരത്തുന്ന ആണാട് കൗതുകമാവുന്നു. അല്‍ ഐനിലെ സ്വദേശി പൗരന്‍ നാസര്‍ അല്‍ അല്‍വിയുടെ ഫാമില്‍ നിന്നാണ് കൗതുകവാര്‍ത്ത വരുന്നത്. രണ്ടു മാസം മുമ്പ് അകിട് വളര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ നല്ല രീതിയില്‍ പാലു നല്‍കി തുടങ്ങിയതായി ഉടമസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. ആടിനെ മറ്റു ആട്ടിന്‍പറ്റങ്ങളില്‍ നിന്ന് മാറ്റിയാണ് ഇപ്പോള്‍ പരിപാലിക്കുന്നത്.

നാസര്‍ അല്‍ അല്‍വിയുടെ രണ്ടു ഫാമുകളില്‍ ഒന്നിലുള്ള ആണാടാണ് പാല്‍ ചുരത്തി തുടങ്ങിയത്. നിറത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ സാധാരണ ആട്ടിന്‍പാലിന്റെ സ്വഭാവം തന്നെയാണുള്ളതെങ്കിലും ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലബോറട്ടറി ടെസ്റ്റ് നടത്തിയ ശേഷമേ ഉപയോഗിക്കുകയുള്ളു.
മൂന്നു വര്‍ഷം മുമ്പ് ഒരു ചന്തയില്‍ നിന്നാണ് 3,000 ദിര്‍ഹമിന് ഇദ്ദേഹം ആടിനെ വാങ്ങിയത്. പ്രജനനത്തിനുപയോഗിച്ചു വരുകയായിരുന്നു ഇതുവരെ. അകിട് വന്നുവെങ്കിലും ആണാടിന്റെ എല്ലാ ശാരീരിക സ്വഭാവ രീതികളും ആട് ഇപ്പോഴും പ്രകടിപ്പിക്കുന്നുണ്ട്. പാലിന്റെ പരിശോധനാ ഫലം ലഭിച്ചശേഷം സുരക്ഷിതമെങ്കില്‍ ഉപയോഗിച്ചു തുടങ്ങുമെന്നും ആടിന് പത്തിരട്ടി വില നല്‍കിയാലും വില്‍ക്കാന്‍ ഒരുക്കമല്ലെന്നുമാണ് അല്‍ അല്‍വിയുടെ നിലപാട്.