മഴക്ക് കാരണം ഇന്ത്യയിലെ കാലവര്‍ഷം

Posted on: August 20, 2014 9:42 pm | Last updated: August 20, 2014 at 9:42 pm

അല്‍ ഐന്‍: ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലവര്‍ഷമാണ് യു എ ഇയില്‍ കാലവസ്ഥാ മാറ്റത്തിന് ഇടയാക്കിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കനത്ത പൊടിക്കാറ്റും പലയിടങ്ങളിലും ലഭിക്കുന്ന മഴയും ഇത് മൂലമാണ്. ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്രവചനാതീതമായ കാലാവസ്ഥ തുടരാനാണ് സാധ്യത. രാജ്യത്തിന്റെ പല ഭാഗത്തും മഴക്കൊപ്പം ശക്തമായ ഇടിയും മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റും ഉണ്ടായിട്ടുണ്ട്.

ശക്തമായ കാറ്റാണ് പൊടി ഉയരാനും റോഡുകൡ ദൂരക്കാഴ്ച കുറയാനും ഇടയാക്കുന്നത്. കാലവസ്ഥ അസ്ഥിരമായി തുടരുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും. ഇത്തരം കാലവസ്ഥാ മാറ്റങ്ങള്‍ രാജ്യത്തിന് പുതുമയുള്ളതല്ലെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. കഴിഞ്ഞ ദിവസം 49 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില. ഈ അവസ്ഥയില്‍ അടുത്ത ദിവസങ്ങളിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്രം പറഞ്ഞു.