സമ്പൂര്‍ണ മദ്യ നിരോധം വേണമെന്ന് വി എം സുധീരന്‍

Posted on: August 20, 2014 12:42 pm | Last updated: August 21, 2014 at 12:20 am

sudheeranതിരുവനന്തപുരം: കേരളത്തില്‍ മദ്യം പൂര്‍ണമായി നിരോധിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. 418 ബാറുകള്‍ അടച്ചതോടെ കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും അപകടങ്ങളും കുറഞ്ഞുതായും സുധീരന്‍ പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറക്കേണ്ടെന്ന് ധനമന്ത്രി കെ എം മാണി ആവര്‍ത്തിച്ചു. സമ്പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കേണ്ടത്. ഇത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂ എന്നും അദ്ദേഹം.

കൂടാതെ, പൂട്ടിയിട്ട 418 ബാറുകളില്‍ പരിശോധന നടത്തിയതുകൊണ്ട് എന്തു കാര്യമാണുള്ളതെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ചോദിച്ചു. ബാറുകളില്‍ ഇപ്പോള്‍ നടത്തുന്ന പരിശോധന കണ്ണില്‍ പൊടിയിടാനാണെന്നും നിലവാരമില്ലാത്തതിനാലാണ് ബാറുകള്‍ പൂട്ടിയതെന്നു കോടതിയെ അറിയിക്കുകയാണ് വേണ്ടതെന്നും ബഷീര്‍ പറഞ്ഞു. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപത്രത്തില്‍ വന്ന മുഖപ്രസംഗം പൂര്‍ണമായും ശരിയാണെന്നും ലീഗിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ പ്രശ്‌നത്തില്‍ പ്രായോഗിക നിലപാടാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം നിലപാടെടുത്ത കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ നിലപാട് മാറ്റി. സമ്പൂര്‍ണ മദ്യ നിരോധമാണ് വേണ്ടതെന്ന് അദ്ദേഹവും പറഞ്ഞു.