Connect with us

National

തെലങ്കാനയിലെ സമഗ്ര സര്‍വേക്ക് മികച്ച പ്രതികരണം

Published

|

Last Updated

ഹൈദരബാദ്: തെലങ്കാന സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര സര്‍വേക്ക് ജനങ്ങളുടെ മികച്ച പ്രതികരണം. സര്‍വേ ദിവസമായ ഇന്നലെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിഞ്ഞ് സര്‍വേയോട് സഹകരിച്ചു. തിരക്കേറിയ ഹൈദരബാദടക്കമുള്ള നഗരങ്ങള്‍ ഏറെക്കുറെ വിജനമായ അവസ്ഥയിലായിരുന്നു. കടകമ്പോളങ്ങളും പൊതു ഗതാഗത സര്‍വീസുകളും പാടെ നിലച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവയും അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. യാത്രക്കായി ട്രെയിനുകളെ അഭയം തേടിയവര്‍ക്ക് സമയത്തിന് സ്റ്റേഷനിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നു.
തിരക്കേറിയ ഭാഗങ്ങളായ ഖൈര്‍താബാദ്, പഞ്ചഗുട്ട, അമീര്‍പേട്ട്, ദില്‍സുഖ് നഗര്‍, കോട്ടി, അബിദാസ്, മെഹദിപട്ടണം, എല്‍ ബി നഗര്‍ എന്നിവിടങ്ങളെല്ലാം വിജനമായ അവസ്ഥയിലായിരുന്നു. കരിംനഗര്‍, വാറംഗല്‍, നിസാമബാദ്, ഖമ്മം, നല്‍ഗോണ്ട, മഹബൂബ് നഗര്‍, അദിലാബാദ്, മേഡക് എന്നീ നഗരങ്ങളും സമാന അവസ്ഥയിലായിരുന്നു.
തെലങ്കാനയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഹൈദരാബാദില്‍ താമസിക്കുന്നവരും സര്‍വേയില്‍ പങ്കെടുത്തു. വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സര്‍വേയില്‍ പങ്കെടുക്കുന്നതിനായി സ്വന്തം വീട്ടിലേക്ക് പോകാനും അനുവാദം നല്‍കിയിരുന്നു.
ഉത്തരവ് മറികടന്ന് തുറന്നു പ്രവര്‍ത്തിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം വിവിധ ഐ ടി കമ്പനികള്‍ തുറന്നു പ്രവര്‍ത്തിച്ചു. തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും തലസ്ഥാനം ഹൈദരാബാദായതിനാല്‍ ആന്ധ്രാ സെക്രട്ടേറിയറ്റിനെ സര്‍വേ ബാധിച്ചില്ല.
ബജറ്റ് സമ്മേളനം ആരംഭിച്ചതിനാല്‍ ആന്ധ്ര സെക്രട്ടേറിയറ്റിലെ ജീവനക്കാരെല്ലാം ജോലിക്കെത്തി.

---- facebook comment plugin here -----