ജയിലുകളില്‍ വിഡിയോ കോണ്‍ഫറന്‍സ്: 12 കോടി രൂപയുടെ പദ്ധതി

Posted on: August 20, 2014 5:10 am | Last updated: August 20, 2014 at 12:11 am

തിരുവനന്തപുരം: പ്രതികളെ കോടതിയില്‍ എത്തിക്കാതെ ജയിലിനുള്ളില്‍ വെച്ച് തന്നെ വിചാരണ ചെയ്യുന്നതിന് വിഡിയോ കോണ്‍ഫറന്‍സ് ഹാളുകള്‍ സ്ഥാപിക്കാന്‍ 12 കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ജയിലുകളില്‍ കോണ്‍ഫറന്‍സ് ഹാള്‍ സ്ഥാപിക്കുന്നതോടെ പ്രതികളെ കോടതിയില്‍ എത്തിക്കുന്നത് ഒഴിവാക്കാനാകും. ഇതിലൂടെ 3000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനം, ഗതാഗത നിയന്ത്രണം തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പ്രതികളുടെ ജയില്‍ ചാട്ടം കുറക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതികളെ ജയില്‍ മോചിതരാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി സ്റ്റേ നിലവിലുണ്ട്. ഇത് മാറുന്ന മുറക്ക് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കും. നിലവില്‍ 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിവരെ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ പ്രകാരം മോചിപ്പിച്ചുവരികയാണ്. തൃശൂര്‍ വിയ്യൂര്‍ ജയിലൊഴികെ മറ്റ് എല്ലാ ജയിലുകളിലും ഈ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജയില്‍ ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുന്നവര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്യാന്‍ സഹായമാകുന്ന വിധം ആധുനിക തൊഴില്‍ നൈപുണ്യ പരിശീലനം അവര്‍ക്ക് നല്‍കും. കൃത്യമായ ഇടവേളകളില്‍ പ്രതികള്‍ക്ക് പാരോള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ജയിലില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം അന്തേവാസികളുടെ പരാതികളും കേട്ടു മനസ്സിലാക്കി. പുകവലിക്കാന്‍ അനുമതി നല്‍കണമെന്ന പരാതി മാത്രമാണ് ജയില്‍ അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും പറയാന്‍ ഉണ്ടായിരുന്നത്. ഇവരെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. ജയില്‍ ഡി ജി പി. ടി പി സെന്‍കുമാര്‍, ജയില്‍ സൂപ്രണ്ട് സാം തങ്കയം എന്നിവരും മന്ത്രിയെ അനുഗമിച്ചു.