ഏഴു മാസത്തിനിടെ റോഡില്‍ പൊലിഞ്ഞത് 40 ജീവനുകള്‍

Posted on: August 19, 2014 8:23 pm | Last updated: August 19, 2014 at 8:23 pm

ദുബൈ: 2014ന്റെ ആദ്യ ഏഴു മാസങ്ങള്‍ക്കിടിയില്‍ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് 40 ജീവനുകള്‍ റോഡില്‍ പൊലിഞ്ഞതായി ദുബൈ പോലീസ്. ജനുവരി ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലാണ് 40 റോഡപകട മരണങ്ങള്‍ സംഭവിച്ചതെന്ന് ദുബൈ പോലീസ് സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് അതിഖ് ബര്‍ക്വിബഹ് വ്യക്തമാക്കി. 107 അപകടങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 55 പേര്‍ക്ക് വാഹനാപകടങ്ങള്‍ അതീവ മാരകമായി പരുക്കിന് ഇടയാക്കി 62 പേര്‍ക്ക് മാരകമായ പരുക്കേറ്റു. 77 പേരുടെ പരുക്ക് അപകടകരമല്ലെന്നും ബര്‍ക്വിബഹ് വിശദീകരിച്ചു.
2013ല്‍ ഇതേ കാലഘട്ടത്തിലും മരണ സംഖ്യ 40 ആയിരുന്നു. ഈ കാലയളവില്‍ 136 വാഹനാപകടങ്ങളാണ് സംഭവിച്ചത്. 83 പേര്‍ക്ക് അതീവ ഗുരുതരമായ പരുക്കേറ്റു. 72 പേര്‍ക്ക് ഗരുതരമായ പരുക്കാണ് സംഭവിച്ചത്. 84 പേരുടെ പരുക്ക് ഗുരുതരമല്ല. അപകടങ്ങളില്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തവരില്‍ പലരെയും വാഹനം മുറിച്ചുമാറ്റിയാണ് റെസ്‌ക്യൂ വിഭാഗം ആംബുലന്‍സ് അധികൃതര്‍ക്ക് കൈമാറിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നിതിനിടയില്‍ പരുക്കേറ്റ് ഒരാളും മരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ചില കേസുകളില്‍ അപകടം സംഭവിച്ച ഉടന്‍ അപകടത്തില്‍പ്പെട്ടവര്‍ മരിച്ചിരുന്നു.
അപകടസ്ഥലത്തിന് സമീപത്തുകൂടി പായുന്ന വാഹനങ്ങളും അപകടം നോക്കിനില്‍ക്കുന്നവരുമാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നത്. ചിലര്‍ വാഹനം മുറിച്ചു മാറ്റുമ്പോള്‍ അവിടെ മുറിക്കൂ ഇവിടെ മുറിക്കൂവെന്ന് അട്ടഹസിക്കാറുണ്ട്. റെസ്‌ക്യൂ ടീം ഇക്കാര്യത്തില്‍ പ്രത്യേകം പരിശീലനം നേടിയവരാണ്. അവരെ അത്തരത്തില്‍ ഉപദേശിക്കേണ്ട കാര്യമില്ല. ഇത് ജോലി ചെയ്യുന്നവര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുക. പരുക്കേറ്റവരുടെ നില ഗുരുതരമല്ലാത്ത കേസുകൡ ആവശ്യമായ സമയം എടുത്താണ് വാഹനം മുറിച്ചു മാറ്റി ആളുകളെ ഒരു പോറല്‍ പോലും അധികമേല്‍ക്കാതെ രക്ഷിക്കുക. വാഹനാപകടം സംഭവിക്കുമ്പോള്‍ പോലീസിനും ആംബുലന്‍സ് ടീമിനും മുമ്പ് സംഭവസ്ഥലത്ത് എത്തുന്ന യാത്രക്കാരും വാഹനം ഓടിക്കുന്നവരും അപകടത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്നും ഇത് കൂടുതല്‍ ഗുരുതരമായ പരുക്കിനും മരണത്തിനു വരെയും കാരണമാക്കിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.