കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും: മന്ത്രി

Posted on: August 19, 2014 10:05 am | Last updated: August 19, 2014 at 10:05 am

kc-josephകോഴിക്കോട്: പ്രകൃതിക്ഷോഭങ്ങളില്‍ ഭൂമിയും കൃഷിയും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഗ്രാമ- ക്ഷീരവികസന മന്ത്രി കെ സി ജോസഫ് അറിയിച്ചു. സംസ്ഥാനതല കാര്‍ഷികദിനാഘോഷങ്ങളുടെ ഭാഗമായി ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കീടനാശിനികളുടെയും മറ്റും ഉപയോഗംമൂലം നാം ഭക്ഷിക്കുന്ന പച്ചക്കറികളും മാംസങ്ങളും വിഷലിപ്തമായതാണ് ഇതിന് കാരണം. പുതിയ പുതിയ രോഗങ്ങള്‍ കേരളത്തെ ഗ്രസിച്ചുവരികയാണ്. ജൈവകൃഷി രീതി അവലംബിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. ജനങ്ങള്‍ കൃഷിയിലേക്ക് വരണമെങ്കില്‍ അവര്‍ക്ക് സംതൃപ്തമായ കാര്‍ഷികാന്തരീക്ഷമുണ്ടാകണം. അതിലേക്ക് സംസ്ഥാനത്തെ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ മോഡറേറ്റര്‍ ആയിരുന്നു. ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, കാസര്‍ക്കോട്ട് സി പി സി ആര്‍ ഐ ലെ ഡോ. സി തമ്പാന്‍, സി ഡബ്ല്യൂ ആര്‍ ഡി എം ശാസ്ത്രജ്ഞന്‍ ഡോ കെ മാധവചന്ദ്രന്‍, മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ സി നാരായണക്കുട്ടി, ലീഡ് ബേങ്ക് മാനേജര്‍ ദുവന്‍ദാസ്, നബാര്‍ഡ് ഡി ഡി എം കെ പത്മകുമാര്‍ ക്ലാസെടുത്തു. ഡോ. കെ വി സഖറിയാസ് സ്വാഗതവും ഡോ. പി ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന കലാസന്ധ്യയില്‍ ചാലക്കുടി ഉണ്ണികൃഷ്ണന്‍ പാക്കനാരും പാര്‍ട്ടിയും അവതിരിപ്പിച്ച ബാംബു ട്യൂണ്‍സ് ‘മുള പാട്ടും രാവ്’ നടന്നു. തുടര്‍ന്ന് അപ്പുണ്ണി ശശിയുടെ ഏകാഭിനയനാടകം അരങ്ങേറി.