പാക്കിസ്ഥാനുമായുള്ള സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കി

Posted on: August 19, 2014 7:08 am | Last updated: August 19, 2014 at 7:08 am

INDIA-PAKന്യൂഡല്‍ഹി: ഇന്ത്യ- പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി. സെക്രട്ടറിതല ചര്‍ച്ച നടക്കുന്നതിന് മുമ്പായി കാശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്ന കാര്യം ഇന്ത്യ അറിയിച്ചത്. ഈ മാസം 25ന് ഇസ്‌ലാമാബാദില്‍ വെച്ചാണ് ആദ്യ ഘട്ട സെക്രട്ടറിതല ചര്‍ച്ച നടക്കേണ്ടിയിരുന്നത്. തിങ്കളാഴ്ചയാണ് ഹുര്‍റിയത്ത് നേതാവ് ഷാബിര്‍ ഷായുമായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
ഇതിന് പിന്നാലെ ഇന്ന് ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നതിനായി മിര്‍വായീസ് ഉമര്‍ ഫാറുഖിനെ പാക് ഹൈക്കമ്മീഷന്‍ ക്ഷണിച്ചതായി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് സ്ഥിരീകരിച്ചു. ഇക്കാര്യം പുറത്തുവന്നതിനു പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. ഇസ്‌ലാമാബാദില്‍ വെച്ച് നടക്കേണ്ട സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയതായി വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍കൈയെടുക്കുമ്പോള്‍ ഹുര്‍റിയത്ത് നേതാക്കളെ ക്ഷണിച്ചതോടെ പാക്കിസ്ഥാന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലും പാക് ഹൈക്കമ്മീഷണര്‍ ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് സെക്രട്ടറിതല ചര്‍ച്ചകള്‍ നടക്കാനിരുന്നത്. ഞായറാഴ്ചയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ബി എസ് എഫ് ഔട്ട്‌പോസ്റ്റുകളില്‍ പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആദ്യ ഘട്ടം എന്ന നിലയില്‍ സെക്രട്ടറിതല ചര്‍ച്ചകള്‍ നടത്തുമെന്ന് അറിയിച്ചത്. എന്നാല്‍, തീവ്രവാദം ഉപയോഗപ്പെടുത്തി ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ഒളിയാക്രമണം നടത്തുകയാണെന്നാണ് ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനിടെ മോദി അഭിപ്രായപ്പെട്ടത്. ആദ്യമായാണ് പാക്കിസ്ഥാനെ മോദി പ്രസ്താവനയിലൂടെ നേരിട്ട് ആക്രമിച്ചത്.