പാക് അക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതിരോധ മന്ത്രി

Posted on: August 19, 2014 2:24 am | Last updated: August 19, 2014 at 1:25 am

arun jaitleyന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സായുധ സേന എത് സമയത്തും സുസജ്ജമായിരിക്കണമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പഞ്ചാബിലെ അമൃത്‌സറിലെ അതിര്‍ത്തി പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തന്റെ ഫേസ്ബുക്ക് പേജിലാണ് ജെയ്റ്റ്‌ലിയുടെ പരാമര്‍ശം. അമൃത്‌സറിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ദേര ബാബ നാനാക് സെക്ടറിലുള്ള കസോവലിലാണ് അദ്ദേഹം ഇന്നലെ സന്ദര്‍ശനം നടത്തിയത്.
അമൃത്‌സറില്‍ സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രിക്കൊപ്പം സൈനിക മേധാവി ജന. ദല്‍ബീര്‍ സിംഗ് സുഹാഗ്, ദക്ഷിണ സൈനിക കമാന്‍ഡര്‍ ലഫ്. ജന. കെ ജെ സിംഗ് 11. കോര്‍പ്‌സ്. കമാന്‍ഡര്‍ ലഫ്. ജന. എന്‍ പി സിംഗ് ഹിറ എന്നിവരുമുണ്ടായിരുന്നു.
പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളായ ആര്‍ എസ് പുര, അര്‍നിയ സെക്ടറുകളിലെ ഇരുപതോളം ബി എസ് എഫ് പോസ്റ്റുകള്‍ക്കും ഗ്രാമീണ മേഖലകള്‍ക്കും നേരെ പാക് സൈന്യം വെടി വെപ്പ് നടത്തി ഒരു ദിവസം പിന്നിട്ടപ്പോഴാണ് പ്രതിരോധ മന്ത്രിയുടെ അമൃത്‌സര്‍ സന്ദര്‍ശനം.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇത് 14ാം തവണയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകുന്നത്. വെടിവെപ്പില്‍ ഒരു ഗ്രാമീണന് പരുക്കേറ്റിട്ടുണ്ട്.