മിസൂറിയ: 18കാരന് ആറ് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Posted on: August 19, 2014 1:20 am | Last updated: August 19, 2014 at 1:20 am

ഫെര്‍ഗൂസന്‍: അമേരിക്കയിലെ മിസൂറിയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മൈക്കിള്‍ ബ്രോണെന്ന 18കാരന് ആറ് തവണ ശരീരത്തില്‍ വെടിയേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവയില്‍ രണ്ട് വെടിയേറ്റത് തലയിലാണെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. സംഭവത്തില്‍ അമേരിക്കയിലെങ്ങും ഇപ്പോഴും വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.
തലയോട്ടിയില്‍ തുളച്ചു കയറിയ നിലയിലാണ് ഒരു ബുള്ളറ്റിന്‍ കണ്ടെത്തിയത്. ഈ ബുള്ളറ്റിന്‍ തലയിലേറ്റതോടെ തല വളയുകയും മാരകമായ ആന്തരിക മുറിവുണ്ടാക്കുകയും ചെയ്തുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്കിലെ ഡോക്ടര്‍ മൈക്കിള്‍ എം ബാദന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട കൗമാരക്കാരന്റെ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന അനുസരിച്ചാണ് ഇദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയിലേറ്റ ബുള്ളറ്റുകള്‍ക്ക് പുറമെ, വലത്തെ കൈയില്‍ നാല് തവണ വെടിയേറ്റെന്നും എല്ലാ തവണയും വെടിയുതിര്‍ത്തത് മുന്‍ വശത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെടിവെപ്പ് നടത്തിയത് വളരെ അടുത്തുനില്ലെന്നും ഡോക്ടര്‍ പറഞ്ഞു.