Connect with us

International

ഇക്വഡോര്‍ എംബസിയില്‍ നിന്ന് ഉടന്‍ വിടുമെന്ന് അസാഞ്ചെ

Published

|

Last Updated

ന്യൂയോര്‍ക്ക്: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് താന്‍ ഉടന്‍ വിടുമെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാറുമായി കരാറിലെത്തിയ ശേഷമല്ലാതെ അസാഞ്ചെ എംബസി വിട്ടുപുറത്തുപോകില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷമായി ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുന്ന അദ്ദേഹം തന്നെയാണ് താന്‍ ഉടന്‍ തന്നെ എംബസി വിട്ടുപോകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ചില മാധ്യമങ്ങള്‍ പറയുന്നതു പോലെ എന്തെങ്കിലും രോഗകാരണത്താലല്ല താന്‍ എംബസി വിട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അസാഞ്ചെക്കൊപ്പം ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റിക്കാര്‍ഡോ പാറ്റിനോയും ഉണ്ടായിരുന്നു. ഈ സാഹചര്യം അവസാനിക്കാന്‍ സമയമായി. രണ്ട് വര്‍ഷം വളരെ ദീര്‍ഘിച്ചതായിരുന്നു. ഇനിയും സംരക്ഷണം നല്‍കാന്‍ തങ്ങളുടെ സര്‍ക്കാര്‍ തയ്യാറാണ്. ബ്രിട്ടീഷ്, സ്വീഡിഷ് സര്‍ക്കാറുകളുമായി അസാഞ്ചെയുടെ ഈ മനുഷ്യാവകാശ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. റിക്കാര്‍ഡോ പറഞ്ഞു.
ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായും ചില രോഗങ്ങള്‍ അസാഞ്ചെയെ വേട്ടയാടുന്നതായി കഴിഞ്ഞ ആഴ്ച അവസാനം ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉയര്‍ന്ന തോതിലുള്ള രക്തസമ്മര്‍ദവും അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നതായി മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു.
2012 ജൂണ്‍ മാസത്തിലാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി അസാഞ്ചെ ചെന്നെത്തുന്നത്. തനിക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട സ്വീഡനിലേക്ക് നാടുകടത്തലില്‍ നിന്ന് രക്ഷപ്പെടുത്താനാണ് അദ്ദേഹം ഇവിടെ അഭയം തേടിയെത്തിയത്. സ്വീഡനിലേക്ക് നാടുകടത്തിയാല്‍ തന്നെ അമേരിക്കക്ക് കൈമാറുമെന്ന് അസാഞ്ചെ ഭയപ്പെടുന്നു. തനിക്കെതിരെ സ്വീഡനില്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും അദ്ദേഹം നേരത്തെ പൂര്‍ണമായും നിഷേധിച്ചിരുന്നു.

Latest