Connect with us

Malappuram

സിംഹവാലന്‍ കുരങ്ങുകളുടെ എണ്ണം കുറഞ്ഞു

Published

|

Last Updated

മലപ്പുറം: പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണപ്പെടുന്ന കുരങ്ങു വര്‍ഗമായ സിംഹവാലന്‍ കുരങ്ങുകള്‍ വംശനാശ ഭീഷണിയിലെന്ന് ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സ് (ഐ യു സി എന്‍) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്. ലോകത്തില്‍ പശ്ചിമഘട്ടത്തിന്റെ തെക്കന്‍ പകുതിയില്‍ മാത്രം കാണപ്പെടുന്ന ജീവി വര്‍ഗമായ ഇവ കേരളത്തിലെ സൈലന്റ്‌വാലിയിലും തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്തുറൈ വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് കണ്ടുവരുന്നത്.

കണക്കുപ്രകാരം കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളില്‍ 2500ഓളം സിംഹവാലന്‍ കുരങ്ങുകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. തേയില, കാപ്പി, തേക്ക് എന്നീ തോട്ടങ്ങളുടെ കടന്നുകയറ്റത്താലും അണക്കെട്ടുകളുടെ നിര്‍മാണത്താലും സിംഹവാലന്‍ കുരങ്ങുകളുടെ വാസസ്ഥലങ്ങള്‍ ചുരുങ്ങിയതായാണ് കണ്ടെത്തല്‍.
ഇവ തോട്ടങ്ങളിലൂടെ സഞ്ചരിക്കുകയോ ജീവിക്കുകയോ ചെയ്യാത്തതും മനുഷ്യസഹവാസം ഇഷ്ടപ്പെടാത്തതും സിംഹവാലന്‍ കുരങ്ങുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. കുരങ്ങുകള്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ പറ്റിയ ആവാസ വ്യവസ്ഥയുള്ളത് വര്‍ഷത്തില്‍ എല്ലാ കാലത്തും കായ്കനികള്‍ ലഭിക്കുന്ന നിത്യ ഹരിത വനങ്ങളില്‍ മാത്രമാണ്.
കൂടാതെ നല്ല മരം കയറ്റക്കാരായ ഇവ മഴക്കാടുകളിലെ മുകള്‍ തട്ടിലാണ് മിക്കവാറും സമയം ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്റ് വാലിയിലും സമീപ പ്രദേശങ്ങളിലെ കാടുകളിലും മാത്രമായി കണ്ടുവരുന്നത്. സിംഹവാലന്‍ കുരങ്ങുകളുടെ ആവാസവ്യവസ്ഥ തകരുമെന്ന് കണ്ടെത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍ സൈലന്റ് വാലിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ 1977നും 1980നും ഇടയില്‍ പ്രക്ഷോഭം വരെ നടത്തിയിരുന്നു.
പ്രദേശത്ത് 1993നും 1996നുമിടക്ക് പതിനാലോളം സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിംഹവാലന്‍ കുരങ്ങുകളുടെ ആവാസ പ്രദേശങ്ങളില്‍ വടക്കേയറ്റമായ കര്‍ണാടകയിലെ സിര്‍സിഹൊന്നവാര പ്രദേശങ്ങളില്‍ 32 കൂട്ടങ്ങള്‍ ജീവിക്കുന്നതായി കരുതപ്പെടുന്നുണ്ട്.
പണ്ട് ഗോവ മുതല്‍ പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റം വരെ സിംഹവാലന്‍ കുരങ്ങുകളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ണാടകയിലെ ശരാവതി നദിക്ക് തെക്ക് മാത്രമെ ഇവയെ കാണാനുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.