ആന്റണിയുടെ കണ്ടുപിടിത്തം

Posted on: August 19, 2014 6:00 am | Last updated: August 19, 2014 at 1:03 am

SIRAJ.......ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സംഭവിച്ചതിന്റെ കാരണങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച നാലംഗ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ ന്യൂനപക്ഷ സമുദായ പ്രീണന നയമാണ് തോല്‍വിക്ക് പ്രധാന കാരണമെന്നാണ് എ കെ ആന്റണി അധ്യക്ഷനായ സമിതിയുടെ കണ്ടെത്തലെന്നാണ് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പാര്‍ട്ടി ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന പ്രതീതിയുണ്ടായത്രെ. വയലാര്‍ രവി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമിതി വിലയിരുത്തലിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്ന് ആന്റണി പറയുന്നുണ്ടെങ്കിലും മാധ്യമ റിപോര്‍ട്ടുകളെ അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ന്യൂനപക്ഷപ്രീണനമെന്ന് പറയാവുന്ന എന്ത് പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിയത്? അര്‍ഹതപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതാണ് പ്രീണനം. ന്യൂനപക്ഷങ്ങള്‍ക്കായി കോണ്‍ഗ്രസ് അത്തരത്തില്‍ യാതൊന്നും ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഭൂരിപക്ഷ വര്‍ഗീയതയുടെ അപ്രീതി ഭയന്നു മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ കൂടി നിഷേധിക്കുകയായിന്നു കോണ്‍ഗ്രസ് നയിച്ച യു പി എ സര്‍ക്കാര്‍. പരമാവധി പാര്‍ട്ടിക്ക് അവകാശപ്പെടാനുള്ളത് സച്ചാര്‍ സമിതി റിപോര്‍ട്ടാണ്. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥകളെ കുറിച്ചു പഠിക്കാന്‍ 2005 മാര്‍ച്ച് 9 ന് നിയോഗിച്ച ഈ സമിതി 2006 നവംബര്‍ 30 ന് അതിന്റെ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം എട്ട് വര്‍ഷത്തോളം യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നു. എന്നിട്ടും ചില പ്രഖ്യാപനങ്ങള്‍ നടത്തിയെന്നല്ലാതെ മുസ്‌ലിംകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ജനുവരി 30ന് ഡല്‍ഹിയില്‍ നടന്ന ദേശീയ വഖ്ഫ് വികസന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗസ് അധ്യക്ഷ സോണിയാഗാന്ധി തന്നെ ഇതുസംബന്ധിച്ചു കുറ്റസമ്മതം നടത്തിയതാണ്.
ന്യൂനപക്ഷവിരുദ്ധ നിലപാടുകളാണ് കറകളഞ്ഞ മതേതരവാദിയുടെ പരിവേഷം നേടാനുള്ള കുറുക്കുവഴി എന്നൊരു ധാരണ ആന്റണിക്കുണ്ടോ എന്ന് സംശയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും. ന്യൂനപക്ഷങ്ങള്‍ സര്‍ക്കാറുകളെ സ്വാധീനിച്ചു അനര്‍ഹമായ പലതും നേടിയെടുക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ വിവാദമായതാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണന നയങ്ങള്‍ സ്വീകരിക്കുന്നതായും ഇത് പാര്‍ട്ടിയുടെ മതേതരത്വത്തെക്കുറിച്ചു ജനങ്ങള്‍ സംശയിക്കാന്‍ ഇടയാക്കുന്നുവെന്നും ജൂണ്‍ അവസാനത്തില്‍ തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ ആന്റണി പ്രസ്താവിച്ചിരുന്നു. എ ഐ സി സി വക്താവ് മനീഷ് തിവാരിയടക്കം പല ഉന്നത കോണ്‍ഗ്രസ് നേതാക്കളും ഈ വീക്ഷണത്തോട് വിയോജിച്ചെങ്കിലും മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ കൈയടി നേടാന്‍ തന്റെ പ്രസ്താവനക്കായി എന്നത് ആന്റണിയെ സംബന്ധിച്ചിടത്തോളം ചാരിതാര്‍ഥ്യജനകമായിരിക്കണം. ന്യൂനപക്ഷങ്ങളെ തള്ളിപ്പറഞ്ഞു ഭൂരിപക്ഷത്തിന്റെ കൈയടി വാങ്ങാനുള്ള ത്വര കപടമതേതരത്വത്തിന്റെ ലക്ഷണമാണ്. ഭൂരിപക്ഷങ്ങള്‍ക്കൊപ്പം ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ഥ മതേതരത്വവും ജനാധിപത്യവും.
ന്യൂനപക്ഷപ്രീണനമല്ല, മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കോര്‍പറേറ്റ് പ്രീണന നയങ്ങളും ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്തുന്നതിലുണ്ടായ പരാജയവുമാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന പല നേതാക്കളും നേരത്തെ വിലയിരുത്തിയതാണ്. രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതു പോലെ മാസത്തില്‍ മൂന്ന് തവണ ഇന്ധനവില കൂട്ടിയാല്‍ ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കില്ല. സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള നയങ്ങളാണ് ജനം ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച രാഹുല്‍ ഗാന്ധിയുടെ കഴിവുകേടും പരാജയത്തില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പല പ്രാദേശിക കക്ഷികളെയും മോദിയും സംഘവും വലവീശിപ്പിടിച്ചപ്പോള്‍, അത് ഫലപ്രദമായി തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ല. മാധ്യമങ്ങളെ കൂട്ടുപിടിച്ചു നരേന്ദ്ര മോദിയെവികസനനായകനായും അതിമാനുഷനായും ബി ജെ പി ഉയര്‍ത്തിക്കാട്ടിയപ്പോള്‍, മോദിയുടെയും സംഘ്പരിവാറിന്റെ തനിനിറം തുറന്നുകാട്ടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇക്കാര്യങ്ങള്‍ അറിയാത്തതു കൊണ്ടായിരിക്കില്ല, സോണിയക്കും രാഹുലിനും അനിഷ്ടമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ തന്റെ രാഷ്ട്രീയ ഭാവിക്കു ഗുണകരമാകില്ലെന്നറിയാകുന്നതു കൊണ്ടായിരിക്കണം ആന്റണി ആ ഭാഗം വിട്ടുകളഞ്ഞത്.

ALSO READ  കേരളം നിയമ പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍