നോള്‍ കാര്‍ഡില്‍ നിന്നും പാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്നും അമിത നിരക്ക് ഈടാക്കില്ല

Posted on: August 18, 2014 8:00 pm | Last updated: August 18, 2014 at 8:48 pm

ദുബൈ; നിങ്ങളുടെ നോള്‍ കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കപ്പെടുന്നുണ്ടോ? പാര്‍ക്കിംഗിന് പണം കൂടുതല്‍ പോയോ? എങ്കില്‍ ഇതൊക്കെ പരിഹരിക്കാന്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ആര്‍ ടി എ. ഇതിനായി സമഗ്രമായ പരിശോധനാ കേന്ദ്രം (ലബോറട്ടറി) തുറന്നുവെന്ന് ആര്‍ ടി എ റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി അറിയിച്ചു. മെട്രോ, ട്രാം, ബസ്, ജലഗതാഗത സംവിധാനങ്ങള്‍, ടാക്‌സി എന്നിവക്കെല്ലാം ഇത് ബാധകമാണ്. പാര്‍ക്കിംഗ് ഫീസ്, നോള്‍ കാര്‍ഡ്, ടിക്കറ്റ് വെന്‍ഡിംഗ് യന്ത്രം എന്നിവയിലെ സേവനങ്ങള്‍ പരിശോധനാ കേന്ദ്രം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കും.
ഖിസൈസിലെ മെട്രോ ഡിപ്പോയിലാണ് സമഗ്ര പരിശോധനാ കേന്ദ്രം തുറന്നത്. ഇടപാടുകാര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തും. ട്രാം സംവിധാനം നിലവില്‍ വരുന്നതിന് മുമ്പ് പരിശോധനാ കേന്ദ്രം നിലവില്‍ വന്നത് ഗുണകരമാണ്. നോള്‍ കാര്‍ഡ്, വെന്‍ഡിംഗ് യന്ത്രം എന്നിവയിലെ തകരാറ് എളുപ്പം കണ്ടുപിടിക്കാനും പുതിയ സംവിധാനം ഉതകും.
ദുബൈയെ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് സിറ്റിയാക്കി പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. പരിശോധനാ കേന്ദ്രത്തില്‍ യന്ത്രസംവിധാനങ്ങള്‍ക്കൊപ്പം വിദഗ്ധരും ഉണ്ടാകും. സുഗമവും സുരക്ഷിതവുമായ യാത്രയാണ് ആര്‍ ടി എ ഒരുക്കുന്നതെന്നും അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു.