അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അരിയും ലഹരി വസ്തുക്കളും കടത്തുന്നു

Posted on: August 18, 2014 10:28 am | Last updated: August 18, 2014 at 10:28 am

pan productsപാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന രാത്രികാലബസ്സുകളില്‍ അരിയും ലഹരിവസ്തുക്കളും കടത്തുന്നതായി പരാതി. വേലന്താവളം, ഗോപാലപുരം, മീനാക്ഷിപുരം വഴി വരുന്ന ഇരുപതോളം രാത്രികാല സര്‍വീസുകളിലാണ് ഇവ കടത്തുന്നത്. രാത്രി 11 മുതല്‍ പുലര്‍ച്ചെ വരെയാണ് സര്‍വീസ്.തമിഴ്‌നാട്ടില്‍ സൗജന്യമായി വിതരണം നടത്തുന്ന അരി ടണ്‍ കണക്കിന് കൊഴിഞ്ഞാമ്പാറ മേഖലയില്‍ എത്തുന്നതായി നാട്ടുകാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍നിന്ന് വരുന്ന അരി, മില്ലുകളില്‍ പോളിഷ് ചെയ്ത് മേല്‍ത്തരം അരിയുടെ വിലയ്ക്ക് വില്പന നടത്തി ലാഭമടിക്കുകയാണ്. അരി അയ ക്കുന്ന കേന്ദ്രങ്ങളില്‍ ഏജന്റുമാരുണ്ട്. വാഹനം പുറപ്പെടുമ്പോള്‍ ഏജന്റ് ഇടപാടുകാരെ അറിയിക്കും. വിവിധ കേന്ദ്രങ്ങളില്‍ കാത്തുനിന്ന് ഇവര്‍ അരിയെടുക്കുന്നു. ലഹരിപദാര്‍ഥങ്ങളെടുക്കാനും ആളെ സജ്ജമാക്കിയിരിക്കും.ബസ്സുകളില്‍നിന്ന് അരിയെടുത്ത് ആരുടെയും കണ്ണില്‍പ്പെടാതെ പ്രത്യേകകേന്ദ്രങ്ങളില്‍ എത്തിക്കുകയാണ്. സാധാരണ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ബസ്സുകളില്‍ പോലീസോ മോട്ടോര്‍ വാഹനവകുപ്പോ പരിശോധന നടത്താറില്ലെന്ന് പറയുന്നു. രാത്രികാല പട്രോളിങ് നടത്തുന്ന പോലീസുകാരുടെ കണ്ണില്‍പ്പെട്ടാലും ശ്രദ്ധിക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന സ്വകാര്യബസ്സുകളില്‍ മോട്ടോര്‍, ഫാന്‍, സ്‌റ്റേഷനറി സാധനങ്ങളും കൊണ്ടുവരുന്നുണ്ട്.