Connect with us

Kozhikode

കൈത്തറിയുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തണം: മന്ത്രി എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട്: വിദേശരാജ്യങ്ങളില്‍ മികച്ച മാര്‍ക്കറ്റുള്ള ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍.
സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ കൈത്തറി വികസന കമ്മറ്റിയുടെ സഹകരണത്തോടെ പാവമണി റോഡിലെ റീജ്യനല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി കോമ്പൗണ്ടില്‍ നടക്കുന്ന കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള (ഓണം ഹാന്റ്‌ലൂം ഫെയര്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മലബാര്‍ ഒരുകാലത്ത് ലോകത്ത് അറിയപ്പെട്ടതും കോഴിക്കോടിന് കാലിക്കറ്റ് എന്ന സ്ഥലനാമം ലഭിച്ചതും കൈത്തറിയുടെ പേരിലാണ്. എന്നാല്‍ ഇന്ന് പൊതുവെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ പ്രകടമാകുന്ന വികസന മുരടിപ്പ് ഉണ്ടാക്കുന്ന വിഷയങ്ങള്‍ കൈത്തറി മേഖലയും അഭിമുഖീകരിക്കുകയാണ്. കൈത്തറി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അത്തം ദിനമായ ഈ മാസം 29 കൈത്തറി ദിനമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കൈത്തറി ദിനത്തോടനുബന്ധിച്ച് കൈത്തറി യൂനിഫോം ഉപയോഗിക്കുന്ന സ്‌കൂളുകള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹാന്റ്‌ലൂം ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ മൊയ്തീന്‍ കോയ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എസ് സുരേഷ്‌കുമാര്‍, ഡെപ്യൂട്ടിരജിസ്ട്രാര്‍ ടി വി ഷുഹൈബ്, ജില്ലാ ഹാന്റ്‌ലൂം അസോസിയേഷന്‍ പ്രസിഡന്റ് സി ബാലന്‍, പി കിഷന്‍ ചന്ദ്, യു ദാമോദരന്‍ മാസ്റ്റര്‍ പങ്കെടുത്തു.

Latest