റബ്ബര്‍ ഉത്പാദകര്‍ വന്‍ പ്രതിസന്ധിയില്‍; വെളിച്ചെണ്ണക്ക് വിലവര്‍ധന

Posted on: August 18, 2014 7:16 am | Last updated: August 18, 2014 at 7:16 am

market reviewകൊച്ചി: റബ്ബറിന്റെ വിലത്തകര്‍ച്ചയില്‍ ഉത്പാദകര്‍ നട്ടം തിരിയുന്നു. വിദേശ കുരുമുളക് വിപണിക്ക് വീണ്ടും ഭീഷണിയാകുന്നു. മില്ലുകാര്‍ വെളിച്ചെണ്ണ വില വീണ്ടും ഉയര്‍ത്തി. സ്വര്‍ണ വില നേരിയ റേഞ്ചില്‍ നീങ്ങി.—
ആഭ്യന്തര റബ്ബര്‍ മാര്‍ക്കറ്റില്‍ നിന്ന് ടയര്‍ വ്യവസായികള്‍ പിന്നിട്ട വാരത്തിലും കാര്യമായി ഷീറ്റ് ശേഖരിക്കാന്‍ തയ്യാറായില്ല. വിദേശ റബ്ബര്‍ എത്തിക്കാന്‍ വ്യവസായികള്‍ കാണിച്ച താത്പര്യം കാര്‍ഷിക മേഖലയെ സാമ്പത്തിക ഞെരുക്കത്തിലാക്കി. വിദേശ റബ്ബര്‍ വരവ് മൂലം ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. പോയ വാരം ടയര്‍ കമ്പനികള്‍ മുഖ്യ വിപണികളില്‍ താത്പര്യം കാണിച്ചില്ല. വാരാരംഭത്തില്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് — 13,500 രൂപയില്‍ നിന്ന് 13,000 ലേക്ക് തകര്‍ന്നു. അഞ്ചാം ഗ്രേഡ് 12,900 ല്‍ നിന്ന് 12,600 രൂപയായി. കൊച്ചിയില്‍ 700 ടണ്‍ റബ്ബറിന്റെ വിപണനം നടന്നു.
കുരുമുളക് റെക്കോര്‍ഡ് നിരക്കില്‍ നിന്ന് ചെറിയ തോതില്‍ താഴ്ന്നു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് വില ക്വിന്റലിന് 75,000 രൂപയില്‍ നിന്ന് 74,000 രൂപയായി. ആഭ്യന്തര വിപണിയില്‍ നാടന്‍ ചരക്കിനു ക്ഷാമം തുടരുകയാണ്. ശ്രീലങ്കന്‍ ചരക്ക് വീണ്ടും മുംബൈ തുറമുഖത്ത് എത്തിയത് ഇടപാടുകാരില്‍ ആശങ്ക ഉളവാക്കി.— കാര്‍ഷിക മേഖലകളില്‍ നിന്നുള്ള മുളക് നീക്കം കുറവാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്സവ സീസണ്‍ അടുത്ത് വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന വിശ്വാസത്തിലാണ് സ്‌റ്റോക്കിസ്റ്റുകള്‍. ഇറക്കുമതി തുടര്‍ന്നാല്‍ നിരക്ക് വീണ്ടും ഇടിയുമോയെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 12,800 ഡോളറാണ്.
ഓണം അടുത്തതോടെ കൊപ്ര ക്ഷാമം മുന്‍ നിര്‍ത്തി മില്ലുകാര്‍ വെളിച്ചെണ്ണ വില വീണ്ടും ഉയര്‍ത്തി. കൊച്ചിയില്‍ വെളിെച്ചണ്ണ 16,000 ല്‍— നിന്ന് പുതിയ റെക്കോര്‍ഡായ 16,700 രൂപയായി. കൊപ്ര 200 രൂപ വര്‍ധിച്ച് 11,700 ലാണ്. കോഴിക്കോട്ട് എണ്ണ 18,100 രൂപയിലും തൃശൂരില്‍ 16,900 രൂപയിലുമാണ്.—
കേരളത്തില്‍ സ്വര്‍ണ വില ചാഞ്ചാടി. പവന്‍ 21,480 രൂപയില്‍ നിന്ന് 21,400 ലേക്ക് ചൊവ്വാഴ്ച താഴ്‌ന്നെങ്കിലും ബുധനാഴ്ച നിരക്ക് 21,480 രൂപയായി തിരിച്ചു കയറി. ലണ്ടനില്‍ സ്വര്‍ണ വില 1305 ഡോളറിലാണ്.