സഹറാന്‍പൂര്‍ കലാപം ആളിക്കത്തിച്ചത് ബി ജെ പിയെന്ന് അന്വേഷണ കമ്മീഷന്‍

Posted on: August 18, 2014 6:55 am | Last updated: August 18, 2014 at 6:55 am

saharanpur-riot-3ലക്‌നോ: ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ബി ജെ പിക്ക് പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷന്‍. മന്ത്രി ശിവ്പാല്‍ യാദവ് അധ്യക്ഷനായ യു പി സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് സംഭവത്തില്‍ ബി ജെ പിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ബി ജെ പിയുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്, കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയതായും കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള ബി ജെ പി. എം പിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി നരേഷ് അഗര്‍വാള്‍ പറഞ്ഞു.

ചില ഉദ്യോഗസ്ഥരുടെ കാര്‍ക്കശ്യമില്ലാത്ത നടപടികളെ ചോദ്യം ചെയ്ത റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് അന്വേഷണ സമിതി ശിപാര്‍ശ ചെയ്യുന്നുണ്ടെന്ന് അഗര്‍വാള്‍ പറഞ്ഞു.
കടകള്‍ കത്തിക്കാന്‍ കലാപകാരികളെ ബി ജെ പി. എം പി പ്രേരിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപം നടന്ന ശേഷം മാത്രമാണ് ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിശുദ്ധ റമസാന്‍ കഴിഞ്ഞിട്ടും കലാപം നടന്ന പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിച്ചിട്ടില്ലെന്നും അന്വേഷണ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി. എം പി രാഘവ് ലേഖന്‍പാല്‍ അക്രമികളെ ഇളക്കിവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പ്രത്യേക വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള കടകള്‍ക്ക് തിരഞ്ഞു പിടിച്ച് തീ വെക്കാന്‍ അക്രമികള്‍ തയ്യാറാകുകയായിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ റിപ്പോര്‍ട്ടെന്ന് ലേഖന്‍പാല്‍ പ്രതികരിച്ചു. കലാപം തടയുന്നതില്‍ താന്‍ വഹിച്ച പങ്ക് വലുതായിരുന്നു. അതിന് തന്നോട് നന്ദി പറയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കലാപം തടയുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെങ്കില്‍ അതിന് ബി ജെ പി എങ്ങനെ ഉത്തരവാദിയാകുമെന്ന് പാര്‍ട്ടി വക്താവ് വിജയ് ബഹാദൂര്‍ പഥക് ചോദിച്ചു. ഇത് സമാജ്‌വാദി പാര്‍ട്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ്. സര്‍ക്കാറിന്റെതല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ഇതേ നിലയിലാണ് ഇതിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രഥമികമായി വിലയിരുത്തപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് സിംഗ് പറഞ്ഞു.
മന്ത്രി ശിവപാല്‍ അധ്യക്ഷനായ സമിതിയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ശിവകാന്ത് ഓഝ, ഗ്രാമവികസന മന്ത്രി അരവിന്ദ് സിംഗ് ഗോപെ, എസ് പി നേതാക്കളായ അശു മാലിക്, ഹാജി ഇഖ്‌റാം ഖുറൈശി എന്നിവരാണ് അംഗങ്ങള്‍.
സഹറാന്‍പൂരിലെ കുതുബ്‌ഷെഹര്‍ മേഖലയില്‍ കഴിഞ്ഞ ജൂണ്‍ 26നാണ് കലാപമുണ്ടായത്. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് സമുദായങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. തര്‍ക്കത്തിലിരിക്കുന്ന ഭൂമിയില്‍ ഒരു വിഭാഗം നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇരുപത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് ഭാഗികമായ സത്യങ്ങളേ പുറത്ത് പറയുന്നുള്ളൂവെന്ന് ബി എസ് പി മേധാവി മായാവതി പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതില്‍ ബി ജെ പിയും സമാജ്‌വാദി പാര്‍ട്ടിയും ഒരു പോലെ ഉത്തരവാദികളാണെന്ന് അവര്‍ കുറ്റപ്പെടുത്തി. യഥാര്‍ഥ വസ്തുതകള്‍ മറച്ച് വെക്കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. വര്‍ഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പാലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.